---
title: "ശ്രീകണ്ഠപുരത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയ പത്താം ക്ലാസുകാരന്‍ പിടിയില്‍"
english_title: "A 10th class student who committed a massive robbery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93031/a-10th-class-student-who-committed-a-massive-robbery"
published_at: "2023-01-28T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d50b79a2e46_Picsart_23-01-28_17-14-56-209.jpg"
keywords: []
---

# ശ്രീകണ്ഠപുരത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയ പത്താം ക്ലാസുകാരന്‍ പിടിയില്‍

> **Lead Summary:** **ശ്രീകണ്ഠപുരം**: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 87,200 രൂപയും രണ്ടര പവന്റെ സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്ത കേസില്‍ പത്താം ക്ലാസുകാരനെ ശ്രീകണ്ഠപുരം സി.ഐ ഇ.പി സുരേശനും എസ്.ഐ കെ.വി രഘുനാഥും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 

## Article Content

**ശ്രീകണ്ഠപുരം**: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 87,200 രൂപയും രണ്ടര പവന്റെ സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്ത കേസില്‍ പത്താം ക്ലാസുകാരനെ ശ്രീകണ്ഠപുരം സി.ഐ ഇ.പി സുരേശനും എസ്.ഐ കെ.വി രഘുനാഥും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. 

 പൊടിക്കളം കക്കാട്ടുവയലിലെ ഒന്നാംകണ്ടിപ്പറമ്പില്‍ ദാക്ഷായണിയുടെ വീടാണ് കഴിഞ്ഞ 17ന് രാവിലെ 8.30ന് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയത്. 

ദാക്ഷായണി തൊഴിലുറപ്പ് ജോലിക്കും ഭര്‍ത്താവ് പ്രകാശന്‍ മറ്റൊരിടത്തും ജോലിക്ക് പോയിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പ്രകാശന്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ വിദ്യാര്‍ത്ഥി കുശലം പറയുകയും എവിടെയാണ്  ജോലിയെന്നും മറ്റും അന്വേഷിക്കുകയും ചെയ്തിരുന്നു. തിരിച്ചുവരാന്‍ വൈകുന്നേരമാകുമെന്ന് മനസിലാക്കിയതോടെയാണ് വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ച പണവും രണ്ടേകാല്‍ പവന്റെ താലി മാലയും കാല്‍ പവന്റെ മോതിരവും കവര്‍ച്ച ചെയ്തത്. 

വിദ്യാര്‍ത്ഥി മൊബൈല്‍ ഗെയിമിന് അടിമയാണ്. അതിനുവേണ്ടിയാണത്രെ കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കുശേഷം ഫുട്‌ബോള്‍ കളിക്കാന്‍ കോഴിക്കോടേക്ക് പോകുന്നുവെന്നുപറഞ്ഞ് സ്ഥലംവിടുകയായിരുന്നു. എന്നാല്‍ എറണാകുളം, കോട്ടയം പ്രദേശങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു. കുറച്ചുപണം ഉപയോഗിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഭയന്നുപോയ താന്‍ കോട്ടയം വൈക്കം റോഡില്‍ ബാക്കി പണവും താലിമാലയും ഉപേക്ഷിച്ചുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. വിദ്യാര്‍ത്ഥിയുടെ കൂടെ കവര്‍ച്ചക്ക് മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നകാര്യം  പൊലീസ് അന്വേഷിച്ചുവരികയാണ്. സീനിയര്‍ സി.പി.ഒമാരായ കെ. സജീവന്‍, സി.വി രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജുവൈനല്‍ കോടതിയുടെ ചുമതല വഹിക്കുന്ന തലശേരി പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിയെ കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93031/a-10th-class-student-who-committed-a-massive-robbery)