---
title: "ലഹരി ഉപയോഗം;  ആശങ്കയുയർത്തി എക്‌സൈസ് സര്‍വേ."
english_title: "Drug use: A survey by the Excise Department raising concerns"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93085/drug-use-a-survey-by-the-excise-department-raising-concerns"
published_at: "2023-01-28T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d558866cff6_kerala_excicie.jpg"
keywords: []
---

# ലഹരി ഉപയോഗം;  ആശങ്കയുയർത്തി എക്‌സൈസ് സര്‍വേ.

> **Lead Summary:** **തിരുവനന്തപുരം:** ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയെന്ന് സര്‍വേ ഫലം. എക്‌സൈസ് വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷവും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേര്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്.

## Article Content

**തിരുവനന്തപുരം:** ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയെന്ന് സര്‍വേ ഫലം. എക്‌സൈസ് വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍. കൗമാരക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. പുകവലിയില്‍ നിന്നാണ് കഞ്ചാവിലേക്ക് എത്തുന്നത്. എന്താണെന്ന് അറിയാനാണ് ഭൂരിപക്ഷവും ലഹരി ഉപയോഗിച്ച് തുടങ്ങുന്നത്. സര്‍വേയില്‍ പങ്കെടുത്ത 79 ശതമാനം പേര്‍ക്കും സുഹൃത്തുക്കളില്‍ നിന്നാണ് ആദ്യമായി ലഹരി ലഭിച്ചത്.

പുകവലിക്കുന്ന രീതിയിലാണ് ഭൂരിപക്ഷം ലഹരി ഉപയോഗിക്കുന്നത്. കൂടുതല്‍പ്പേരും സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സര്‍വേയില്‍ കണ്ടെത്തലുണ്ട്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസില്‍ താഴെയുള്ളവരാണ്. 155 പേര്‍ കുറ്റാരോപിതരാണ്. ഈ സര്‍വേയിലെ കണ്ടെത്തലുകള്‍, സമൂഹത്തിന്റെ മൊത്തം ചിത്രമാകണമെന്നില്ലെന്നും എന്നാല്‍, കൗമാരക്കാരിലെ ലഹരി ഉപയോഗം സംബന്ധിച്ച ചില ദിശാസൂചനകള്‍ ഇത് മുന്നോട്ടുവെക്കുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു. എക്‌സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയന്‍, സൈക്കോളജിസ്റ്റ് റീജാ രാജന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ആകെ 20 ചോദ്യങ്ങളായിരുന്നു സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിശദമായ പഠനം എസ്.പി.സി. കേഡറ്റ്‌സിന്റെ സഹകരണത്തൊടെ ആരംഭിച്ചിട്ടിട്ടുണ്ട്. ഒരു ലക്ഷം പേരില്‍ നിന്നും വിവര ശേഖരണം നടത്തി സമഗ്രമായ സര്‍വ്വേയാണ് നടക്കുന്നത്. ലഹരിയുടെ ഉറവിടം, ഉപയോഗിക്കപ്പെടുന്ന പ്രധാന ലഹരി പദാര്‍ത്ഥങ്ങള്‍, കൗമാരക്കാര്‍ ലഹരിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണങ്ങള്‍ എന്നിവ ഒന്നാം ഭാഗമായും, വിമുക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയും തുടര്‍ നിര്‍ദേശങ്ങളും രണ്ടാം ഭാഗമായും, എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ശക്തിപ്പെടുത്തല്‍ സംബന്ധിച്ച് മൂന്നാംഭാഗമായും സര്‍വ്വേ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93085/drug-use-a-survey-by-the-excise-department-raising-concerns)