---
title: "കശുവണ്ടിയുടെ വില കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു."
english_title: "Cashew prices dampened farmers' hopes."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93104/cashew-prices-dampened-farmers-hopes"
published_at: "2023-01-29T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d5c7c82a3f6_13986461158_f1e5e1c871_b.jpg"
keywords: []
---

# കശുവണ്ടിയുടെ വില കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു.

> **Lead Summary:** **ഇരിട്ടി : **കശുവണ്ടിയുടെ വില കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു. ഉത്പാദന സീസൺ തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും വിലയിൽ ‌മാറ്റമില്ല. ഇക്കുറി ഉത്പാദനത്തിന്റെ തുടക്കത്തിൽത്തന്നെ മുൻവർഷത്തേക്കാൾ 12 ശതമാനം വിലക്കുറവാണ്. കഴിഞ്ഞവർഷം കിലോയ്ക്ക് 120 രൂപ ലഭിച്ചപ്പോൾ ഇക്കുറി 100 രൂപയാണ്. വില കുറയാനാണ് സാധ്യതയെന്ന് വ്യാപാരികളും പറയുന്നു. കഴിഞ്ഞവർഷം കോവിഡ് ഉണ്ടാക്കിയ മാന്ദ്യം കാരണം 120-ൽനിന്ന് ആദ്യം നൂറിലേക്കും പിന്നീട് 80-ലേക്കും ഒടുവിൽ 60-ലേക്കും താഴ്ന്നിരുന്നു. തറവില നിശ്ചയിക്കാതെ നാടൻ കശുവണ്ടി സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**ഇരിട്ടി : **കശുവണ്ടിയുടെ വില കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു. ഉത്പാദന സീസൺ തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും വിലയിൽ ‌മാറ്റമില്ല. ഇക്കുറി ഉത്പാദനത്തിന്റെ തുടക്കത്തിൽത്തന്നെ മുൻവർഷത്തേക്കാൾ 12 ശതമാനം വിലക്കുറവാണ്. കഴിഞ്ഞവർഷം കിലോയ്ക്ക് 120 രൂപ ലഭിച്ചപ്പോൾ ഇക്കുറി 100 രൂപയാണ്. വില കുറയാനാണ് സാധ്യതയെന്ന് വ്യാപാരികളും പറയുന്നു. കഴിഞ്ഞവർഷം കോവിഡ് ഉണ്ടാക്കിയ മാന്ദ്യം കാരണം 120-ൽനിന്ന് ആദ്യം നൂറിലേക്കും പിന്നീട് 80-ലേക്കും ഒടുവിൽ 60-ലേക്കും താഴ്ന്നിരുന്നു. തറവില നിശ്ചയിക്കാതെ നാടൻ കശുവണ്ടി സംഭരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വിപണിവിലയുടെ അടിസ്ഥാനത്തിലായിരിക്കും സംഭരണം. വിപണിയിൽ സർക്കാർ നിയന്ത്രണം ഇല്ലാതിരിക്കെ പൊതുമാർക്കറ്റിലെ വില അടിസ്ഥാനമാക്കിയുള്ള സംഭരണംകൊണ്ട് കർഷകന് ഒരു ഗുണവും ലഭിക്കില്ല. തറവില നിശ്ചയിച്ച് സർക്കാർ വിപണിയിൽ ഇടപെട്ടാൽ മാത്രമെ സീസൺ മുഴുവൻ ഒരേ വില ലഭിക്കൂ. സഹകരണ സംഘങ്ങൾ, പ്ലാന്റേഷൻ കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ തുടങ്ങിയവ മുഖേനയാണ് നാടൻ തോട്ടണ്ടി സംഭരിക്കാൻ മന്ത്രിതല യോഗത്തിലുമുണ്ടായ ധാരണ. എന്നാൽ ഇതുസംബന്ധിച്ച് സഹകരണ സംഘങ്ങൾക്ക് ഇതുവരെ നിർദേശമൊന്നും ലഭിച്ചിട്ടില്ല. തറവിലയില്ലാതെ വിപണിവിലയുടെ അടിസ്ഥാനത്തിലുള്ള സംഭരണം സഹകരണ സംഘങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കും. കോവിഡ് കാലത്ത് സംഭരിച്ച കശുവണ്ടി യഥാസമയം കയറ്റിപ്പോകാഞ്ഞതും കയറ്റിറക്കിലും കടത്തുകൂലിയിലുമുണ്ടായ ധാരണപ്പിശകും മൂലം സഹകരണ സംഘങ്ങൾക്ക് ഏറെ നഷ്ടമുണ്ടായിരുന്നു. അതിനാൽ സംഭരണത്തോട് അനുകൂലനിലപാടല്ല സഹകരണ സംഘങ്ങൾക്കുള്ളത്.

കർഷകർക്ക് ഇൻസെന്റീവ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പറയുമ്പോഴും അടിസ്ഥാനവില നിർണയിക്കാത്തതുകൊണ്ട് ഇത്‌ പ്രായോഗികല്ലെന്നാണ് വ്യാപാരികളും കർഷകരും പറയുന്നത്. ഇക്കുറി കാലവസ്ഥ അനുകൂലമായതിനാൽ ഡിസംബർ മുതൽ ഉത്പാദനം തുടങ്ങിയിരുന്നു. ബഡ് മാവുകൾക്ക് പറ്റിയ കാലാവസ്ഥ തുടക്കംമുതൽ ലഭിച്ചതിനാൽ ഇത്തരം തോട്ടങ്ങളിൽ ഫ്രെബ്രുവരിയോടെ ഉത്പാദനം പൂർണതോതിലാകും. അന്താരാഷ്ട്ര വിപണിയിൽ അണ്ടിപ്പരിപ്പിനുണ്ടായ വിലക്കുറവും വൻകിട കമ്പനികളാരും വിപണിയിൽ ഇറങ്ങാത്തതുമെല്ലാം വിലയുടെ അസ്ഥിരതയ്ക്ക് കാരണമാകുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളായ ഇരിട്ടി, ഉളിക്കൽ, കരിക്കോട്ടക്കരി, വാണിയപ്പാറ, മാട്ടറ, എടൂർ, എരമം കുറ്റൂർ, മാതമംഗലം, പടിയൂർ, കാങ്കേൽ, ചീമേനി, ആദൂര്, മുള്ളേരിയ, ബദിയടുക്ക, പെരിയ തുടങ്ങിയ പ്രദേശങ്ങളിലെ രണ്ട് ലക്ഷത്തിലധികം കർഷകരുടെ പ്രതീക്ഷയുടെ കാലമാണ് കശുവണ്ടി സീസൺ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93104/cashew-prices-dampened-farmers-hopes)