---
title: "രണ്ടുമാസത്തിലേറെയായി യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി."
english_title: "KSRTC is a refuge for night commuters. Bus service has resumed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93459/ksrtc-is-a-refuge-for-night-commuters-bus-service-has-resumed"
published_at: "2023-01-30T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7ce56db8ff_WhatsApp_Image_2023-01-30_at_7.32.04_PM.jpeg"
keywords: []
---

# രണ്ടുമാസത്തിലേറെയായി യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി.

> **Lead Summary:** **കണ്ണൂർ: **കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള രാത്രിയാത്രക്കാർക്ക് ആശ്രയമായ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിച്ചു.

## Article Content

**കണ്ണൂർ: **കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള രാത്രിയാത്രക്കാർക്ക് ആശ്രയമായ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിച്ചു.

ഇതോടെ രണ്ടുമാസത്തിലേറെയായി യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമായി. കാസർകോട് ഡിപ്പോയിൽനിന്നും ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചതിനാലാണ് ബസ് ഓട്ടം നിർത്തിയത്. ശബരിമല പ്രധാന സീസൺ അവസാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മുതൽ സർവീസ് പുനരാരംഭിച്ചു. കാസർകോട് ഡിപ്പോയിൽനിന്ന് ഇൗ ബസ് ഉൾപ്പെടെ എട്ട് ബസുകളാണ് ഇത്തവണ ശബരിമല ഡ്യൂട്ടിക്കായി പോയത്. പയ്യന്നൂർ, തളിപ്പറമ്പ് മേഖലയിലെ നിരവധി വ്യാപാരികളും വിവിധ സ്ഥാപനങ്ങളിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരും ആശ്രയിച്ചിരുന്ന സർവീസാണിത്. കാസർകോട്നിന്ന് രാത്രി ഒൻപതിന് യാത്ര തുടങ്ങുന്ന ബസ് 10-ന് കാഞ്ഞങ്ങാട്ടും 11-ന് പയ്യന്നൂരും 12-ന് കണ്ണൂരുമെത്തും.

രാത്രി 10-ന് കണ്ണൂർ ഡിപ്പോയിൽനിന്നും പുറപ്പെടുന്ന ഉൗട്ടി ബസിനുശേഷം തലശ്ശേരിഭാഗത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയവും ഇൗ ബസായിരുന്നു. രാത്രി രണ്ടരയോടെയാണ് കോഴിക്കോടെത്തുക. രാവിലെ കോഴിക്കോട്നിന്ന് ടൗൺ ടു ടൗൺ സർവീസായാണ് മടക്കം. കാസർകോട്-കരിപ്പൂർ വിമാനത്താവളം റൂട്ടിലാണ് ഇൗ ബസ് നേരത്തേ സർവീസ് നടത്തിയിരുന്നത്. കണ്ണൂർ വിമാനത്താവളം നിലവിൽ വന്നതിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ കുറഞ്ഞതോടെ സർവീസ് കോഴിക്കോടുവരെ വെട്ടിച്ചുരുക്കുകയായിരുന്നു. സ്ഥിരംയാത്രക്കാർക്കിടയിൽ ‘കരിപ്പൂർ ഫ്ലൈറ്റ്’ എന്ന പേരിലാണ് ബസ് അറിയപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93459/ksrtc-is-a-refuge-for-night-commuters-bus-service-has-resumed)