---
title: "ഗതാഗത നിയമലംഘനങ്ങൾ സ്വയം കണ്ടെത്തുന്ന ഹൈടെക്ക് ക്യാമറകൾ ഉടൻ മിഴി തുറക്കും. സംസ്ഥാനത്താകെ 1000 ക്യാമറകൾ. ചെലവ് 236കോടി. "
english_title: "Hi-tech cameras that automatically detect traffic violations "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93806/hi-tech-cameras-that-automatically-detect-traffic-violations"
published_at: "2023-02-01T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da01b120b15_Abu-Dhabi-road.jpg"
keywords: []
---

# ഗതാഗത നിയമലംഘനങ്ങൾ സ്വയം കണ്ടെത്തുന്ന ഹൈടെക്ക് ക്യാമറകൾ ഉടൻ മിഴി തുറക്കും. സംസ്ഥാനത്താകെ 1000 ക്യാമറകൾ. ചെലവ് 236കോടി. 

> **Lead Summary:** തിരുവനന്തപുരം: റോഡിലെ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും. ഇന്നത്തെ മന്ത്രിസഭായോഗം ക്യാമറകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തുടനീളം 726 നിർമ്മിത ബുദ്ധി ക്യാമറകളുൾപ്പെടെ 1000ഹൈടെക്ക് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകൾ പ്രവർത്തിക്കുന്നതിന് തടസമായിരുന്ന സെർവർ പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞുവെന്ന് മോട്ടോർ വാഹന വകുപ്പ് ഗതാഗതവകുപ്പിനെ അറിയിച്ചിരുന്നു.

## Article Content

തിരുവനന്തപുരം: റോഡിലെ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും. ഇന്നത്തെ മന്ത്രിസഭായോഗം ക്യാമറകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തുടനീളം 726 നിർമ്മിത ബുദ്ധി ക്യാമറകളുൾപ്പെടെ 1000ഹൈടെക്ക് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്യാമറകൾ പ്രവർത്തിക്കുന്നതിന് തടസമായിരുന്ന സെർവർ പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞുവെന്ന് മോട്ടോർ വാഹന വകുപ്പ് ഗതാഗതവകുപ്പിനെ അറിയിച്ചിരുന്നു.

വാഹന ഉടമകളിൽ നിന്നു വൻതോതിൽ പിഴ ഈടാക്കൽ ലക്ഷ്യമിടുന്ന പദ്ധതിയാതിനാൽ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. കാമറകളും കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനവും വാഹന ഉടമയെ പിഴ വിവരം അറിയിക്കുന്ന ആട്ടോമെറ്റിക് സംവിധാനവും സർവർ മുഖേന ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്നാണ് കാമറകൾ പ്രവർത്തിക്കുന്നത് വൈകിയത്. സെപ്തബർ ഒന്നു മുതൽ പ്രവർത്തിപ്പിച്ചു തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 236 കോടി മുതൽമുടക്കിലാണ് കെൽട്രോൺ മുഖേന കാമറകൾ സ്ഥാപിച്ചത്. പ്രവർത്തിച്ചു തുടങ്ങുമ്പോൾ ലഭിക്കുന്ന വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചും ധാരണയായി.

14 ജില്ലകളിലും ഓരോ കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും സജ്ജമായിട്ടുണ്ട് . ഇവിടെയെല്ലാം ആർടിഒ, എം വി ഐ, എഎംവിഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കു പുറമേ പിഴയടയ്ക്കാനുള്ള ചെലാൻ പ്രോസസിംഗ് സ്റ്റാഫിനെയും നിയോഗിക്കും. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ യാത്രചെയ്യുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയെല്ലാം ക്യാമറ കണ്ടെത്തും. നമ്പർ ബോർഡ് സ്കാൻ ചെയ്ത് വാഹൻ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകൾ കൃത്യമല്ലെങ്കിൽ കണ്ടെത്തും. പെർമിറ്റ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, രജിസ്ട്രേഷൻ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും.

കാമറകൾ രാപകൽ കുറ്റം കണ്ടെത്തുന്നതാണ് വാഹനം ഓടിക്കുന്നവർക്ക് വെല്ലുവിളിയാകുന്നത്. സ്കൂൾ പരിധിയിൽ 30 കിലോമീറ്ററും സംസ്ഥാന പാതയിൽ 50 കിലോമീറ്ററുമാണ് വേഗപരിധി. കാമറ 24 മണിക്കൂറും പ്രവർത്തിക്കുന്നതാകയാൽ രാത്രിയിലും ഈ നിയമം പാലിക്കേണ്ടിവരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങൾ കണ്ടാൽ ചിത്രം പകർത്തും. രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കും. നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അപ്പോൾത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിലേക്ക് നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉൾപ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടർ വാഹന വകുപ്പിന്റെ ജില്ലാ ഓഫിസിലേക്ക് അയയ്ക്കും. ഇവിടെ നിന്നു തപാൽ വഴി നോട്ടിസ് വാഹന ഉടമകൾക്ക് ലഭിക്കും. പിഴ ഓൺലൈൻ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കാൻ സൗകര്യമുണ്ട്.

സൗരോർജം കൊണ്ട് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി പ്രശ്നങ്ങൾ ക്യാമറയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമലംഘനങ്ങൾ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമലംഘനങ്ങൾ വർധിച്ചതായും ബോധ്യപ്പെട്ടാൽ ഈ ക്യാമറ മാറ്റി സ്ഥാപിക്കാം. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാർഡ് ഉപയോഗിച്ചാണ് ക്യാമറകൾ ഇന്റർനെറ്റ് വഴി ദൃശ്യങ്ങൾ അയയ്ക്കുന്നത്. നിയമ ലംഘനങ്ങൾ കണ്ടെത്തി തിരിച്ചറിയുന്ന നിർമിത ബുദ്ധി ക്യാമറകൾക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. ഈ ക്യാമറകൾ കെൽട്രോൺ നേരിട്ട് സ്ഥാപിച്ചതാണ്. 8 വർഷം അറ്റകുറ്റപ്പണികൾ കെൽട്രോൺ ആണ് നിർവഹിക്കുന്നത്. പിഴയായി ലഭിക്കുന്ന പണം നിശ്ചിത വർഷം കെൽട്രോണിന് ലഭിക്കും. ജീവനക്കാരെ നിയമിക്കുന്നതും കെൽട്രോൺ ആണ്.

ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈടാക്കുന്ന പിഴ ഇങ്ങനെയാണ് ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ - 500 രൂപ, ഹെൽമറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താൽ -500 രൂപ, 3 പേർ ബൈക്കിൽ യാത്ര ചെയ്താൽ - 1000 രൂപ. ( 4 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും. വാഹന യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ - 2000 രൂപ, സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചാൽ - 500 രൂപ, നിയമവിധേയമല്ലാതെ ക്രാഷ് ഗാർഡ്, എക്സ്ട്രാ ഫിറ്റിങ്സ് എന്നിവ കണ്ടെത്തിയാൽ - 5000 രൂപ, അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി നിൽക്കുന്ന വിധം കയറ്റിയാൽ - 20000 രൂപ. ഈ പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ മോട്ടർ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോൾ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക അടയ്ക്കേണ്ടി വരും. കേന്ദ്ര മോട്ടർ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സർക്കാർ ഇളവു ചെയ്താണ് നിലവിൽ മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയിൽ എത്തുമ്പോൾ കേന്ദ്ര നിയമത്തിലെ പിഴ അടയ്ക്കേണ്ടിവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93806/hi-tech-cameras-that-automatically-detect-traffic-violations)