---
title: "15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്രസർക്കാർ"
english_title: "Demolish government vehicles more than 15 years old"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93831/demolish-government-vehicles-more-than-15-years-old"
published_at: "2023-02-01T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da14d5311e5_IMG-20230201-WA0048.jpg"
keywords: []
---

# 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്രസർക്കാർ

> **Lead Summary:**  15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങൾ ഈ ഏപ്രിൽ ഒന്നു മുതൽ നിരത്തുകളിൽ നിന്ന് ഒഴിവാകുമെന്നും അവയ്ക്ക് പകരം പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

## Article Content

 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങൾ ഈ ഏപ്രിൽ ഒന്നു മുതൽ നിരത്തുകളിൽ നിന്ന് ഒഴിവാകുമെന്നും അവയ്ക്ക് പകരം പുതിയ വാഹനങ്ങൾ പുറത്തിറക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (എഫ്.ഐ.സി.സി.ഐ) ഫ്യൂച്ചർ മൊബിലിറ്റിയെ സംബന്ധിച്ച് നടത്തിയ സെമിനാറിൽ വ്യവസായ സംഘടനയായ ഫിക്കി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്കരി ഇക്കാര്യം പങ്കുവെച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ട്രാൻസ്പോർട്ട് കോർപറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിച്ച് നീക്കം ചെയ്യാനാണ് തീരുമാനം.

ഇതനുസരിച്ച് രാജ്യത്ത് ഏകദേശം ഒമ്പത് ലക്ഷത്തിലധികം വാഹനങ്ങളാണ് പൊളിക്കാനുള്ളതെന്നാണ് സർക്കാർ കണക്കുകൾ. ഏപ്രിൽ ഒന്നാം തീയതി മുതൽ പഴയ വാഹനങ്ങൾ പൊളിച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പതിനഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള ഒൻപത് ലക്ഷത്തിലേറെ വാഹനങ്ങൾ പൊളിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള, ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ബസുകൾ ഉൾപ്പെടെ, 15 വർഷത്തിലേറെ പഴക്കമുള്ള എല്ലാ വാഹനങ്ങളും ഏപ്രിൽ 1 മുതൽ റജിസ്ട്രേഷൻ റദ്ദാക്കുകയും സ്ക്രാപ്പ് ചെയ്യുകയും ചെയ്യും. പൊളിച്ച് നീക്കുന്ന വാഹനങ്ങൾക്ക് പകരം മറ്റ് ഇന്ധനസ്രോതസ്സുകളെ ആശ്രയിക്കുന്ന പുതിയ വാഹനങ്ങൾ നിരത്തുകളിലെത്തിക്കും.

ഇതുവഴി വായുമലിനീകരണം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 15 വർഷത്തിലേറെ പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം സർക്കാർ വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ടെന്നും മലിനീകരണം ഉണ്ടാക്കുന്ന ബസുകളും കാറുകൾക്കും പകരം ബദൽ ഇന്ധനങ്ങളുള്ള പുതിയ വാഹനങ്ങൾ വരുമെന്നും ഗഡ്കരി വ്യക്തമാക്കി.

അതേസമയം രാജ്യത്തിന്റെ പ്രതിരോധത്തിനും ക്രമസമാധാനപാലനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രവർത്തന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക പർപ്പസ് വെഹിക്കിളുകൾക്ക് (കവചിത വാഹനങ്ങൾക്കും മറ്റ് പ്രത്യേക വാഹനങ്ങൾക്കും) നിയമം ബാധകമല്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. എഥനോൾ, മെഥനോൾ, ബയോ- സി.എൻ.ജി., ബയോ-എൽ.എൻ.ജി., ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പല ചുവടുവെപ്പുകളും നടത്തുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.

2021-22 വർഷത്തെ കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുന്നത്. 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും പൊളിക്കണമെന്നായിരുന്നു ബജറ്റിലെ നിർദേശം. ഇലക്ട്രിക്, സി.എൻ.ജി. തുടങ്ങി പ്രകൃതി സൗഹാർദ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യം. മലിനീകരണമില്ലാത്ത വാഹനങ്ങളുടെ ഉപയോഗം സർക്കാർ മേഖലയിൽ നിന്ന് ആരംഭിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മുമ്പും വ്യക്തമാക്കിയിരുന്നത്.

ദക്ഷിണേഷ്യൻ മേഖലയിലെ മുഴുവൻ വാഹന സ്ക്രാപ്പിംഗ് ഹബ്ബായി മാറാൻ രാജ്യത്തിന് കഴിയുമെന്ന് ഉറപ്പിച്ച് ഓരോ നഗര കേന്ദ്രത്തിൽ നിന്നും 150 കിലോമീറ്ററിനുള്ളിൽ ഒരു ഓട്ടോമൊബൈൽ സ്ക്രാപ്പിംഗ് സൗകര്യമെങ്കിലും വികസിപ്പിക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞ വർഷം ഗഡ്കരി പറഞ്ഞിരുന്നു. 2021-ൽ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ വാഹന സ്ക്രാപ്പേജ് പോളിസി പുറത്തിറക്കിയത്. ഇത് അയോഗ്യവും മലിനീകരണവുമുള്ള വാഹനങ്ങളെ ഘട്ടംഘട്ടമായി നിർത്താൻ സഹായിക്കുമെന്നും സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93831/demolish-government-vehicles-more-than-15-years-old)