---
title: "ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ അപകടത്തിനിരയാകുന്നയാൾക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം നിഷേധിക്കാനാവില്ല;​ ഹൈകോടതി."
english_title: "The High Court has held that the person who is involved in an accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93948/the-high-court-has-held-that-the-person-who-is-involved-in-an-accident"
published_at: "2023-02-01T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da962f7c065_driving.jpg"
keywords: []
---

# ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ അപകടത്തിനിരയാകുന്നയാൾക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം നിഷേധിക്കാനാവില്ല;​ ഹൈകോടതി.

> **Lead Summary:** **കൊച്ചി:** ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ അപകടത്തിനിരയാകുന്നയാൾക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന്​ ഹൈകോടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന്‌ ഇരയാകുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന്​ ജസ്റ്റിസ്​ സോഫി തോമസ്​ വ്യക്​തമാക്കി. മഞ്ചേരി മോട്ടോർ ആക്‌സിഡന്‍റ്​സ്​ ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂർ നടുവക്കാട്‌ മുഹമ്മദ്‌ റാഷിദ്‌ നൽകിയ അപ്പീൽ ഹരജിയിലാണ്‌ ഉത്തരവ്​.

## Article Content

**കൊച്ചി:** ഡ്രൈവർ മദ്യപിച്ചുവെന്ന കാരണത്താൽ അപകടത്തിനിരയാകുന്നയാൾക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന്​ ഹൈകോടതി. പോളിസി സർട്ടിഫിക്കറ്റിലെ വ്യവസ്ഥകൾ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന്‌ ഇരയാകുന്നയാൾക്ക്‌ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന്​ ജസ്റ്റിസ്​ സോഫി തോമസ്​ വ്യക്​തമാക്കി. മഞ്ചേരി മോട്ടോർ ആക്‌സിഡന്‍റ്​സ്​ ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂർ നടുവക്കാട്‌ മുഹമ്മദ്‌ റാഷിദ്‌ നൽകിയ അപ്പീൽ ഹരജിയിലാണ്‌ ഉത്തരവ്​.

2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാം പ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ചാണ്​ ഹരജിക്കാരന്​ ഗുരുതരമായി പരിക്കേറ്റത്​. ഏഴ് ദിവസം ആശുപത്രിയിൽ ചികിത്സയിലും തുടർന്ന്​ ആറ് മാസം വീട്ടിൽ വിശ്രമത്തിലും കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹരജിക്കാരൻ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ്​ അനുവദിച്ചത്​. തുടർന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​. അപകടത്തിനിടയാക്കിയ കാർ ഇൻഷുർ ചെയ്‌തിട്ടുണ്ടെങ്കിലും ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. വാഹന ഉടമയോ ഡ്രൈവറോ ഈ വാദത്തെ എതിർത്തില്ലെന്നും വ്യക്​തമാക്കി. എന്നാൽ, നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കമ്പനിക്ക്​ നിയമപരമായ ബാധ്യതയുണ്ടെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇരക്ക്​ നഷ്‌ടപരിഹാരം നൽകാൻ കമ്പനി ബാധ്യസ്ഥരാണ്​.

അതേസമയം, ഇത്‌ ഡ്രൈവർ, വാഹന ഉടമ എന്നിവരിൽനിന്ന്​ ഈടാക്കാവുന്നതാണെന്നും വ്യക്​തമാക്കി. തുടർന്ന്​ ട്രൈബ്യൂണൽ ഉത്തരവിട്ട നഷ്‌ടപരിഹാരത്തുകക്ക്​ പുറമെ 39,000 രൂപ കൂടി നൽകാൻ കോടതി നിർദേശിച്ചു. ഈ തുക വർഷംതോറും ഏഴു ശതമാനം പലിശ നിരക്കിൽ ഹരജിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിൽ രണ്ടു മാസത്തിനകം നിക്ഷേപിക്കാനും ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93948/the-high-court-has-held-that-the-person-who-is-involved-in-an-accident)