---
title: "ഹൈഡ്രജൻ ട്രെയിനുകൾ ഈ വ‍ർഷം ട്രാക്കിലിറങ്ങും: റെയില്‍വേ മന്ത്രി"
english_title: "Railvayminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94047/railvayminister"
published_at: "2023-02-02T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db5b8e1e8df_IMG-20230202-WA0044.jpg"
keywords: []
---

# ഹൈഡ്രജൻ ട്രെയിനുകൾ ഈ വ‍ർഷം ട്രാക്കിലിറങ്ങും: റെയില്‍വേ മന്ത്രി

> **Lead Summary:**  **ഡല്‍ഹി**: രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഈ വ‍ർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൽക – ഷിംല പാതയിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം ഓടുകയെന്ന് മന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റ് ഗ്രീൻ ഗ്രോത്ത് എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ റെയിൽവേയും പദ്ധതിയിലേക്ക് സംഭാവന ചെയ്യുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനിന്‍റെ സാങ്കേതികവിദ്യ ശൈശവാവസ്ഥയിലാണ്.

## Article Content

 **ഡല്‍ഹി**: രാജ്യത്ത് ഹൈഡ്രജൻ ട്രെയിനുകൾ ഈ വ‍ർഷം തന്നെ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൽക – ഷിംല പാതയിലാണ് ഹൈഡ്രജൻ ട്രെയിനുകൾ ആദ്യം ഓടുകയെന്ന് മന്ത്രി പറഞ്ഞു. ഇത്തവണത്തെ ബജറ്റ് ഗ്രീൻ ഗ്രോത്ത് എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ റെയിൽവേയും പദ്ധതിയിലേക്ക് സംഭാവന ചെയ്യുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനിന്‍റെ സാങ്കേതികവിദ്യ ശൈശവാവസ്ഥയിലാണ്.

ചുരുക്കം ചില രാജ്യങ്ങൾ പരിമിതമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഹരിത സംരംഭങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ വന്ദേ മെട്രോ എന്നാണ് അറിയപ്പെടുക. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക – ഷിംല റയിൽവേ, മാതേരൻ ഹിൽ റെയിൽവേ, കാൻഗ്ര വാലി, ബിൽമോറ വഘായ്, മാർവാർ-ദേവ്ഗഢ് മദ്രിയ എന്നിവയുൾപ്പെടെ ചരിത്രപ്രധാനമായ നാരോ ഗേജ് റൂട്ടുകളിലാണ് ആദ്യം ഓടുക. യാത്ര കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇക്കുറി റെയിൽവേക്കായി ബജറ്റിൽ വകയിരുത്തിയത്. 2.42 ലക്ഷം കോടി രൂപയാണ് റെയിൽവേക്ക് വേണ്ടി നീക്കി വച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94047/railvayminister)