---
title: "പണം കൊടുത്താൽ പരിശോധനയില്ലാതെ ഹെൽത്കാർഡ്"
english_title: "Paid health card without verification"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94070/paid-health-card-without-verification"
published_at: "2023-02-02T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db6f1148ae0_Screenshot_2023-02-02-13-14-17-78_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പണം കൊടുത്താൽ പരിശോധനയില്ലാതെ ഹെൽത്കാർഡ്

> **Lead Summary:** **തിരുവനന്തപുരം**: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടും. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ.എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണ്.

## Article Content

**തിരുവനന്തപുരം**: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടും. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ.എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണ്.

എഫ്എസ്എസ്എഐയുടെ വെബ് സൈറ്റില്‍ നിന്ന് മെഡിക്കല്‍ ഫിറ്റ്നസ് ഫോം ഡൗണ്‍ ലോഡ് ചെയ്യുക, ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീക പരിശോധന,കാഴ്ച ശക്തി പരിശോധന,ത്വക്ക് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന,വാക്സിനെടുത്തിട്ടുണ്ടോ എന്ന പരിശോധന,പകര്‍ച്ച വ്യാധികള്‍ ഉണ്ടോ എന്നറിയാനുളള രക്ത പരിശോധന, സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും.

അങ്ങനെ വലിയ കടമ്പകൾക്ക് ശേഷം മാത്രം ഹെൽത്ത് കാർഡ് എന്നായിരുന്നു അവകാശവാദം. ഹോട്ടൽ ഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ സമീപ കാലത്തെ വലിയ പ്രഖ്യാപനത്തിൻറെ സ്ഥിതി എന്താണെന്ന് ഞങ്ങൾ പരിശോധിച്ചു. തിരുവനന്തപുരം നഗരമധ്യത്തിലെ ജനറല്‍ ആശുപത്രി. പാര്‍ക്കിംഗ് ഫീസ് പിരിക്കുന്ന അനിലിനെ കണ്ടാല്‍ എല്ലാം ശരിയാകും.

 ആശുപത്രിയിലെ ആര്‍എംഒ ‍ഡോക്ടര്‍ വി അമിത് കുമാര്‍ എവിടേക്കോ പോകാന്‍ കാറില്‍ കയറി. അനില്‍ വിവരം പറഞ്ഞതോടെ കാറ് സൈഡാക്കി ‍ഡോക്ടര്‍ നേരെ സെക്യൂരിറ്റി മുറിയിലേക്ക്. ഡോക്ടറുടെ സീലും പച്ച മഷി പേനയും എല്ലാം അവിടെയുണ്ട്.

 ഫിസിക്കല്‍ എക്സാമിനേഷനില്ല, കണ്ണ് പരിശോധനയില്ല, ത്വക്ക് പരിശോധനയില്ല, രക്തം പരിശോധിച്ചില്ല. എല്ലാം നോര്‍മലാണെന്ന് എഴുതി ഒപ്പിട്ട് സീലും വെച്ച് ഹെല്‍ത്ത് കാര്‍ഡുകള്‍ കയ്യില്‍ തരും.ഇടനിലക്കാരന്‍ അനിലിനുമുണ്ട്ക മ്മീഷൻ. 

ഭക്ഷ്യവിഷബാധ തടയാന്‍ സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഹെൽത്ത് കാർഡിൻറെ സ്ഥിതിയാണിത്. തലസ്ഥാനത്ത് അട്ടിമറി നടത്തുന്നത് ജനറൽ ആശുപത്രി ആർഎംഒ തന്നെ. ഇങ്ങനെയാണ് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നതെങ്കില്‍ പിന്നെ എങ്ങനെ ധൈര്യമായി കാർഡുള്ള ജീവനക്കാരുള്ള ഹോട്ടലിൽ നിന്നും വിശ്വസിച്ച് ഭക്ഷണം കഴിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94070/paid-health-card-without-verification)