---
title: "ആറളംഫാം പുനരധിവാസമേഖലയിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പൂർത്തിയാകുന്നു "
english_title: "Model Residential School Completes in aralam farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9428/model-residential-school-completes-in-aralam-farm"
published_at: "2021-11-08T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61888c6e11de9_aralam school.jpg"
keywords: []
---

# ആറളംഫാം പുനരധിവാസമേഖലയിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പൂർത്തിയാകുന്നു 

> **Lead Summary:** ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയിൽ റസിഡൻഷ്യൽ സ്കൂൾ കോംപ്ലക്സ് കെട്ടിട നിർമാണം പൂർത്തിയാവുന്നു. ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്ന വിധം കെട്ടിടം ഉടൻ പട്ടികവർഗ വികസനവകുപ്പിന് കൈമാറും.

## Article Content

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയിൽ റസിഡൻഷ്യൽ സ്കൂൾ കോംപ്ലക്സ് കെട്ടിട നിർമാണം പൂർത്തിയാവുന്നു. ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്ന വിധം കെട്ടിടം ഉടൻ പട്ടികവർഗ വികസനവകുപ്പിന് കൈമാറും.

പുനരധിവാസമേഖലയിലെ കുട്ടികളുടെ സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനും വീടുകളിൽ പഠിക്കാനുള്ള സാഹചര്യം ഇല്ലാത്ത കുട്ടികളെ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണിത്. നബാർഡ് പദ്ധതിയിൽ വർഷങ്ങൾക്ക് മുൻപ്‌ ഉൾപ്പെട്ട പദ്ധതിയായിരുന്നു ഇത്. ഫണ്ടിന്റെ അപര്യാപ്തതമൂലം പദ്ധതി വൈകുകയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ജില്ലയിലെ രണ്ടാമത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് ആറളംഫാം ഏഴാം ബ്ലോക്കിൽ പൂർത്തിയാവുന്നത്. കിഫ്ബി ഫണ്ടിൽ 17.39 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം.

സംസ്ഥാന കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് പ്രവൃത്തിയുടെ ചുമതല. കൽപ്പറ്റയിലെ ഹിൽട്രാക്ക് കൺസ്ട്രക്‌ഷൻസാണ് നിർമാണം നടത്തിയത്. സെപ്‌റ്റംബർ 15-നകം നിർമാണം പൂർത്തിയാക്കാനുള്ള വ്യവസ്ഥയിൽ 2018 നവംബർ രണ്ടിന് പ്രവൃത്തിയാരംഭിച്ചു. കോവിഡ് കാരണം നിർമാണം രണ്ടുമാസം വൈകി. നവംബർ അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കി കെട്ടിടസമുച്ചയം പട്ടികവർഗക്ഷേമവകുപ്പിന് കൈമാറാനാണ് നീക്കം. അഗ്നിരക്ഷാപ്രവൃത്തികളാണ് ബാക്കി. ആദ്യ ടെൻഡർ പ്രകാരം പ്രവൃത്തി നടത്താൻ സാധിക്കാത്തതിനാൽ അഗ്നിസുരക്ഷാപ്രവൃത്തി റീടെൻഡർ ചെയ്തു. ഇതുകൂടി പൂർത്തീകരിച്ചാൽ കെട്ടിടനമ്പറുകൾ നേടി വൈദ്യുതി കൂടി ലഭ്യമാക്കി കെട്ടിട കൈമാറ്റം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് കരാർ പ്രതിനിധികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9428/model-residential-school-completes-in-aralam-farm)