---
title: "ബാര്‍ബര്‍ ഷോപ്പുടമയുടെ സ്കൂട്ടറുകള്‍ തീയിട്ട് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധർ"
english_title: "Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94492/kottayam"
published_at: "2023-02-04T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddace1caf07_Screenshot_20230204-062448_Facebook.jpg"
keywords: []
---

# ബാര്‍ബര്‍ ഷോപ്പുടമയുടെ സ്കൂട്ടറുകള്‍ തീയിട്ട് നശിപ്പിച്ച് സാമൂഹ്യ വിരുദ്ധർ

> **Lead Summary:** ***കോട്ടയം***: കോട്ടയം വൈക്കം തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

## Article Content

***കോട്ടയം***: കോട്ടയം വൈക്കം തലയോലപ്പറമ്പിൽ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വൈക്കം വരിക്കാംകുന്ന് കവലയിൽ ബാർബർ ഷോപ്പ് നടത്തുന്ന പടിഞ്ഞാറെ കാലായിൽ ശെൽവരാജിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് സ്ക്കൂട്ടറുകളാണ് കത്തി നശിച്ചത്.

അപകട സമയത്ത് ശെൽവരാജും മാതാവും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയാണ് വാഹനങ്ങൾ കത്തിച്ചതെന്നാണ് നിഗമനം. തീപിടുത്തമുണ്ടായതിനെ തുടർന്നുണ്ടായ ശക്തമായ ചൂടിൽ സമീപത്തിരുന്ന പാചക വാതക സിലിണ്ടറിന്റെ മീതെയുള്ള പ്ലാസ്റ്റിക് അടപ്പ് ഉരുകിപ്പോയെങ്കിലും തീ പടർന്നില്ല. സ്കൂട്ടറിലുണ്ടായിരുന്ന വീടിന്റെ ആധാരവും, ബാങ്ക് പാസ്ബുക്കും ഉൾപ്പെടെ രേഖകളെല്ലാം തീപിടുത്തത്തില്‍ കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94492/kottayam)