---
title: "കൊട്ടിയൂർ പാലുകാച്ചിയിലെ വന്യജീവി ആക്രമണം; കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു "
english_title: "Wildlife attack in Kotiyur Palukachi; Kerala Independent Farmers Association (KIFA) Kottiur Panchayat Committee protested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94682/wildlife-attack-in-kotiyur-palukachi-kerala-independent-farmers-association-kifa-kottiur-panchayat-committee-protested"
published_at: "2023-02-04T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de5985ea7e6_kifa.jpg"
keywords: []
---

# കൊട്ടിയൂർ പാലുകാച്ചിയിലെ വന്യജീവി ആക്രമണം; കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു 

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ പാലുകാച്ചിയിൽ നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ പശുക്കിടാവിനെ കടുവ കൊന്നു രണ്ടു നാൾ തുടർച്ചയായി ഭക്ഷിച്ചിട്ടും, വനവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ വന്യമൃഗത്തിന്റെ ചിത്രം പതിയാത്തതിൽ ദുരൂഹത ആരോപിച്ച് കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധയോഗം നടത്തി.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ പാലുകാച്ചിയിൽ നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ പശുക്കിടാവിനെ കടുവ കൊന്നു രണ്ടു നാൾ തുടർച്ചയായി ഭക്ഷിച്ചിട്ടും, വനവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ വന്യമൃഗത്തിന്റെ ചിത്രം പതിയാത്തതിൽ ദുരൂഹത ആരോപിച്ച് കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധയോഗം നടത്തി.

ഈ പ്രദേശങ്ങളിൽ സ്ഥിരമായി കടുവയുടെ സാന്നിധ്യം മനസ്സിലായിട്ടും, വളർത്തുമൃഗങ്ങളെ കടുവ കൊന്ന് ഭക്ഷണമാക്കിയിട്ടും, നിരുത്തരവാദപരമായ പതിവ് പ്രഹസനങ്ങൾ ആവർത്തിക്കുന്നതല്ലാതെ ഹിംസ്രമൃഗത്തെ പിടികൂടാനുള്ള നടപടികൾ ചെയ്യാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ ജനത്തിന്റെ ജീവൻ വച്ച് പന്താടുകയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് കിഫ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിൽസൺ വടക്കയിൽ പറഞ്ഞു.

വനം വകുപ്പിന്റെ ഇത്തരം ക്യാമറ ട്രാപ്പുകൾ പുകമറകൾക്കുള്ളിലാണെന്നും, ദൃശ്യങ്ങൾ പതിയാത്തതായി അഭിനയിക്കുകയാണെന്നും, ഇത് ജനത്തിന്റെ ജീവന് നേർക്കുള്ള വെല്ലുവിളിയാണെന്നും ജില്ലാ കമ്മിറ്റി പ്രതിനിധി ശ്രീ റെജി കന്നുകുഴി പറഞ്ഞു. തുടർന്ന് ഇത്തരം നാടകങ്ങൾ ആവർത്തിക്കാതിരിക്കാൻ കിഫ സ്വന്തം നിലയിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു. വളർത്തുമൃഗം നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളും എന്നും തീരുമാനിച്ചു. കിഫ കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി പോൾ ടി ജെ, കമ്മിറ്റി അംഗങ്ങളായ ബൈജു ആമക്കാട്ട്, സിറിയക്ക് മണിയാക്കുപാറ, സിബി പെരിക്കാട്ടുകുന്നേൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94682/wildlife-attack-in-kotiyur-palukachi-kerala-independent-farmers-association-kifa-kottiur-panchayat-committee-protested)