---
title: "കേന്ദ്ര അവഗണനയെക്കുറിച്ച് കോൺഗ്രസ് മിണ്ടാത്തതെന്തുകൊണ്ട് -പി.സി. ചാക്കോ"
english_title: "P C chako"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95589/p-c-chako"
published_at: "2023-02-08T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e357eb4ef68_Screenshot_2023-02-08-13-29-03-33_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേന്ദ്ര അവഗണനയെക്കുറിച്ച് കോൺഗ്രസ് മിണ്ടാത്തതെന്തുകൊണ്ട് -പി.സി. ചാക്കോ

> **Lead Summary:**  സംസ്ഥാന ബജറ്റിലെ നികുതിനിർദേശത്തിനെതിരേ സമരം നടത്തുന്ന കോൺഗ്രസ്, കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്രനിലപാടിനെതിരേ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പുതിയ കേന്ദ്രബജറ്റിലും കേരളം എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല.

## Article Content

 സംസ്ഥാന ബജറ്റിലെ നികുതിനിർദേശത്തിനെതിരേ സമരം നടത്തുന്ന കോൺഗ്രസ്, കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്രനിലപാടിനെതിരേ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പുതിയ കേന്ദ്രബജറ്റിലും കേരളം എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല.

എൻ.സി.പി. ജില്ലാ പ്രവർത്തകയോഗത്തിൽ പങ്കെടുക്കാനും പ്രവർത്തന ഫണ്ട് സ്വീകരിക്കാനും എത്തിയ പി.സി. ചാക്കോ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പെട്രോളിന് സെസ് ഏർപ്പെടുത്തിയത് തികച്ചും ന്യായീകരിക്കത്തക്കതാണ്. എന്നാൽ, സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ സെസ് കുറയ്ക്കാൻ കഴിയുമോയെന്ന് എൻ.സി.പി. മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ആരാഞ്ഞിട്ടുണ്ട്.

അയൽരാജ്യങ്ങളിൽ 50 രൂപയ്ക്ക് പെട്രോൾ വിൽക്കുമ്പോൾ നൂറ് രൂപയാണ് ഇന്ത്യയിൽ. അക്കാര്യം കോൺഗ്രസ് കാണുന്നില്ല. കേരളത്തിലെ ഒരു സർക്കാരിനും മിച്ച ബജറ്റ് അവതരിപ്പിക്കാൻ കഴിയില്ല. അത്രയും വിഭവശേഷി കുറഞ്ഞ സംസ്ഥാനമാണ് കേരളം.

അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ മുഴുവൻ പ്രതിപക്ഷപാർട്ടികളെയും അണിനിരത്താനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഖജാൻജി പി.ജെ. കുഞ്ഞുമോൻ, അഡ്വ. പി.എം. സുരേഷ്ബാബു, എം.പി. മുരളി, ജില്ലാ പ്രസിഡന്റ് കെ. സുരേശൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95589/p-c-chako)