---
title: "ശബരിമലയിൽ കാണിക്കയായി 10കോടിയുടെ നാണയങ്ങൾ മാത്രം: എണ്ണിത്തീർത്തത് 540 പേരുടെ ഒരാഴ്ചയോളം നീണ്ട പ്രയത്നത്താൽ"
english_title: "10 crore coins were displayed at Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96261/10-crore-coins-were-displayed-at-sabarimala"
published_at: "2023-02-11T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e73027899a0_IMG-20230211-WA0063.jpg"
keywords: []
---

# ശബരിമലയിൽ കാണിക്കയായി 10കോടിയുടെ നാണയങ്ങൾ മാത്രം: എണ്ണിത്തീർത്തത് 540 പേരുടെ ഒരാഴ്ചയോളം നീണ്ട പ്രയത്നത്താൽ

> **Lead Summary:** **പത്തനംതിട്ട**: മണ്ഡല മകരവിളക്ക് തീർത്ഥാടനവേളയിൽ ശബരിമലയിൽ എണ്ണിത്തീരാതെ കൂട്ടിയിട്ടിരുന്ന കാണിക്കപ്പണം എണ്ണിത്തീർത്തു. ഏകദേശം 10 കോടിയുടെ നാണയങ്ങൾ ഉളളതായാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ 9ന് വൈകുന്നേരത്തോടെയാണ് നാണയമെണ്ണൽ പൂർത്തിയാക്കിയത്. തുടർന്ന് പഴയതും കീറിയതുമായ നോട്ടുകളും തരംതിരിച്ച് എണ്ണി.

## Article Content

**പത്തനംതിട്ട**: മണ്ഡല മകരവിളക്ക് തീർത്ഥാടനവേളയിൽ ശബരിമലയിൽ എണ്ണിത്തീരാതെ കൂട്ടിയിട്ടിരുന്ന കാണിക്കപ്പണം എണ്ണിത്തീർത്തു. ഏകദേശം 10 കോടിയുടെ നാണയങ്ങൾ ഉളളതായാണ് പ്രാഥമിക കണക്ക്. കഴിഞ്ഞ 9ന് വൈകുന്നേരത്തോടെയാണ് നാണയമെണ്ണൽ പൂർത്തിയാക്കിയത്. തുടർന്ന് പഴയതും കീറിയതുമായ നോട്ടുകളും തരംതിരിച്ച് എണ്ണി.

കീറിയനോട്ടുകൾ വെളള പേപ്പർ ഉപയോഗിച്ച് ഒട്ടിച്ചശേഷമാണ് എണ്ണിയത്. മണ്ഡല മകരവിളക്ക് കാലത്ത് നട അടക്കുന്നതിന് മുൻപായി നാണയമെണ്ണിത്തീർക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ജീവനക്കാർക്ക് അവധി നൽകാതെ നാണയമെണ്ണൽ തുടർന്നു. എന്നാൽ ജീവനക്കാർക്കിടയിൽ വൈറൽപ്പനിയും ചിക്കൻപോക്സും പടർന്നതും കൂടുതൽ പേർ അവശരാകുകയും ചെയ്തതോടെ കഴിഞ്ഞ മാസം 25ന് നാണയമെണ്ണൽ നിർത്തിവെച്ചു.

തുടർന്നാണ് ഈ മാസം 5 മുതൽ നാണയമെണ്ണൽ വീണ്ടും ആരംഭിച്ചത്. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓരോ ഗ്രൂപ്പിൽ നിന്നും 30 ക്ലാസ് ഫോർ ജീവനക്കാർ വീതം 540 പേരെ സന്നിധാനത്ത് എത്തിച്ചു. പഴയതും പുതിയതുമായ ഭണ്ഡാരത്തിൽ ഉണ്ടായിരുന്ന നാണയങ്ങൾ അന്നദാന മണ്ഡപത്തിലെത്തിച്ചാണ് ഇക്കുറി എണ്ണിയത്.

കാണിക്കപ്പണം സൂക്ഷിക്കുന്ന ഭണ്ഡാരം ചീഫ് ഓഫീസറായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ആർ.എസ് ഉണ്ണികൃഷ്ണനും ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ ബി.എസ് ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് നാണയമെണ്ണൽ പൂർത്തിയാക്കിയത്. 2015 വരെ കീറിയും കറപുരണ്ടും മോശമായ നോട്ടുകൾക്ക് ധനലക്ഷ്മി ബാങ്ക് മുഴുവൻ മൂല്യവും നൽകിയിരുന്നു. എന്നാൽ ഇതിനുശേഷം മോശം നോട്ടുകളുടെ മൂല്യം ആർ.ബി.ഐയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നൽകുന്നത്.

ഇക്കാരണത്താൽ 2015 മുതൽ ഇത്തരം നോട്ടുകൾ എണ്ണിതിട്ടപ്പെടുത്തുന്നതിൽ ദേവസ്വം ബോർഡ് കാര്യമായ ശ്രദ്ധ പുലർത്തിയിരുന്നില്ല.മുൻപ് ഭണ്ഡാരത്തിലെത്തിയ മോശം നോട്ടുകൾ എന്തു ചെയ്തു എന്നതിനെപ്പറ്റി ദേവസ്വം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96261/10-crore-coins-were-displayed-at-sabarimala)