---
title: "ഹെൽത്ത് കാർഡ്; സർക്കാർ, സ്വകാര്യ ആശുപത്രികളിലെങ്ങും ടൈഫോയ്ഡ് വാക്‌സിൻ സ്‌റ്റോക്കില്ല "
english_title: "Health card"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96264/health-card"
published_at: "2023-02-11T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e733b7880d9_IMG-20230211-WA0056.jpg"
keywords: []
---

# ഹെൽത്ത് കാർഡ്; സർക്കാർ, സ്വകാര്യ ആശുപത്രികളിലെങ്ങും ടൈഫോയ്ഡ് വാക്‌സിൻ സ്‌റ്റോക്കില്ല 

> **Lead Summary:**  **തൃശ്ശൂർ: **ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ച ടൈഫോയ്ഡ് വാക്സിൻ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല. സംസ്ഥാനത്തെ വാക്സിനേഷൻ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളിലും വേണ്ടത്ര സ്റ്റോക്കില്ല. ചില വൻകിട ആശുപത്രികളിൽ വാക്സിനുണ്ടെങ്കിലും രണ്ടായിരം രൂപവരെ വിലയുണ്ട്. ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ ടൈഫോയ്ഡ് വാക്സിൻ, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിർബന്ധമായും സ്വീകരിക്കേണ്ട പ്രതിരോധനടപടികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

## Article Content

 **തൃശ്ശൂർ: **ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ച ടൈഫോയ്ഡ് വാക്സിൻ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല. സംസ്ഥാനത്തെ വാക്സിനേഷൻ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളിലും വേണ്ടത്ര സ്റ്റോക്കില്ല. ചില വൻകിട ആശുപത്രികളിൽ വാക്സിനുണ്ടെങ്കിലും രണ്ടായിരം രൂപവരെ വിലയുണ്ട്. ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ ടൈഫോയ്ഡ് വാക്സിൻ, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിർബന്ധമായും സ്വീകരിക്കേണ്ട പ്രതിരോധനടപടികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണം പാകംചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപ്പന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും കാർഡെടുക്കണം. ഒരു വർഷമാണ് കാലാവധി. ഹെൽത്ത് കാർഡ് നടപടികൾ പൂർത്തീകരിക്കാൻ അഞ്ചുദിവസം മാത്രം ബാക്കിനിൽക്കേ വാക്സിൻ എടുക്കാതെയാണ് ഡോക്ടർമാർ കാർഡ് നൽകുന്നത്. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ത്വക്ക്, നഖ പരിശോധന എന്നീ ക്ലിനിക്കൽ പരിശോധനകളും ബ്ലഡ് റൂട്ടീൻ പരിശോധനയും നിർബന്ധമാണ്. ഹെൽത്ത് കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നടപടിക്രമങ്ങളിൽ കൃത്യത ആവശ്യപ്പെട്ട് വീണ്ടും ഉത്തരവിറക്കിയത്. അതിനിടെ, ചില സ്വകാര്യ ആശുപത്രികളും ലാബുകളും വ്യാപാരി സംഘടനകളുമായി കൈകോർത്ത് വൻ ഇളവുകൾ നൽകി കാർഡ് നൽകുമ്പോൾ പല പരിശോധനകളും ഒഴിവാക്കുന്നതായി ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96264/health-card)