---
title: "ശ്രീകണ്ഠാപുരം കലാഗ്രാമത്തിനു സമീപം വന്‍ തീ പിടുത്തം"
english_title: "A huge fire broke out near Kalagram, Srikandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96339/a-huge-fire-broke-out-near-kalagram-srikandapuram"
published_at: "2023-02-11T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e776bc71f05_Picsart_23-02-11_16-28-46-734.jpg"
keywords: []
---

# ശ്രീകണ്ഠാപുരം കലാഗ്രാമത്തിനു സമീപം വന്‍ തീ പിടുത്തം

> **Lead Summary:** **ശ്രീകണ്ഠാപുരം**: കലാഗ്രാമത്തിനു സമീപം വന്‍ തീ പിടുത്തം. പത്തേക്കറിലധികം സ്ഥലത്തേക്ക് തീ പടര്‍ന്നു. രണ്ട് ദിവസമായി തുടരുന്ന തീ പിടുത്തത്തില്‍ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് അഗ്നിക്കിരയായത്. ശ്രീകണ്ഠാപുരം നഗരസഭയുടേയും ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റേയും അതിര്‍ത്തി പ്രദേശങ്ങളിലാണ് തീ പടരുന്നത്.

## Article Content

**ശ്രീകണ്ഠാപുരം**: കലാഗ്രാമത്തിനു സമീപം വന്‍ തീ പിടുത്തം. പത്തേക്കറിലധികം സ്ഥലത്തേക്ക് തീ പടര്‍ന്നു. രണ്ട് ദിവസമായി തുടരുന്ന തീ പിടുത്തത്തില്‍ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് അഗ്നിക്കിരയായത്. ശ്രീകണ്ഠാപുരം നഗരസഭയുടേയും ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റേയും അതിര്‍ത്തി പ്രദേശങ്ങളിലാണ് തീ പടരുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ തീ പിടുത്തത്തില്‍ ചെങ്ങളായി പഞ്ചായത്തിലെ നെല്ലിക്കുന്ന് മേഖലയിലെ രണ്ട് ഏക്കറോളം കശുമാവിന്‍ തോട്ടം കത്തി നശിച്ചു. തളിപ്പറമ്പില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയക്. എന്നാല്‍ ശനിയാഴ്ചയുണ്ടായ തീ പിടുത്തം ശ്രീകണ്ഠാപുരം നഗരസഭയിലെ കാക്കണ്ണംപാറ മേഖലയിലും കേരള ലളിത കലാ അക്കാദമിയുടെ സമീപത്തെ മിച്ചഭൂമിയിലും സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലുമാണ് തീ കത്തിപ്പടര്‍ന്നത്.

ഒരു മണിയോടെ ഉണ്ടായ തീ പിടുത്തം നിയന്ത്രിക്കാന്‍ അടുത്തുള്ള തളിപ്പറമ്പിലെ അഗ്നിരക്ഷാ നിലയത്തിന്റെ സഹായം തേടിയെങ്കിലും നിലയത്തിലെ വാഹനങ്ങള്‍ മറ്റ് മേഖലകളിലേക്ക് പോയതോടെ ഇരിട്ടിയുടെ സഹായം ആവശ്യപ്പെട്ടു. പക്ഷേ, ചാവശ്ശേരിപ്പറമ്പിലെ തീപിടുത്ത മേഖലയിലായതിനാല്‍ മട്ടന്നൂരില്‍ നിന്നും മണിക്കൂറുകള്‍ക്കൊടുവില്‍ ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ശ്രീകണ്ഠാപുരത്ത് അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അതിനായുള്ള യാതതൊരു മുന്നോരുക്കങ്ങളും ഇക്കാലമത്രയും ആരംഭിച്ചിട്ടില്ല. ഇത് ദുരന്തത്തിന്റെ ആഘാതം ഉയര്‍ത്തുകയാണ്. മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയം ലീഡിങ്ങ് ഫയര്‍മാന്‍ സുരേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍, ഓഫീസര്‍മാരായ ആദര്‍ശ്, ഷിജിത്ത്, മിഥുന്‍ ഹോംഗാര്‍ഡ്മാരായ സുരേന്ദ്രന്‍, വിശ്വനാഥന്‍ എന്നിവരും ശ്രീകണ്ഠാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദന്‍ എന്നിവരും നാട്ടുകാരും തീ അണയ്ക്കാന്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96339/a-huge-fire-broke-out-near-kalagram-srikandapuram)