---
title: "കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു; റോഡ് പഴയ റോഡുതന്നെ...."
english_title: "The number of vehicles in Kerala continues to rise."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96497/the-number-of-vehicles-in-kerala-continues-to-rise"
published_at: "2023-02-12T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e8956c9ea67_adsfdg.jpg"
keywords: []
---

# കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു; റോഡ് പഴയ റോഡുതന്നെ....

> **Lead Summary:** കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു. ആയിരംപേര്‍ക്ക് 466 വാഹനങ്ങള്‍. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍വെച്ച സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തില്‍. 2022-ല്‍ ഇത് 1,55,65,149 ആയി. വര്‍ധന 93 ശതമാനം.

## Article Content

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു. ആയിരംപേര്‍ക്ക് 466 വാഹനങ്ങള്‍. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍വെച്ച സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു കേരളത്തില്‍. 2022-ല്‍ ഇത് 1,55,65,149 ആയി. വര്‍ധന 93 ശതമാനം.

**റോഡ് പഴയ റോഡുതന്നെ **

വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്റെ നീളത്തില്‍ അത്രമാറ്റമുണ്ടായിട്ടില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011-ല്‍ 23,241 കിലോമീറ്റര്‍ റോഡുണ്ടായിരുന്നു. 2022-ല്‍ 29,522.15 കിലോമീറ്ററായി. 30 ശതമാനത്തോളം വര്‍ധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്രകിലോമീറ്ററിന് 548 കിലോമീറ്ററാണ്. ദേശീയശരാശരിയുടെ മൂന്നിരട്ടിവരുമിതെന്ന് അവലോകന റിപ്പോര്‍ട്ട് പറയുന്നു.

**കാര്‍: ഒന്നര ഇരട്ടി**

ഇടത്തരം കുടുംബങ്ങള്‍ കൂടുതലായി കാര്‍ വാങ്ങുന്നു. 2018-2019-ല്‍ 27 ലക്ഷം കാറുകളുണ്ടായിരുന്നു. കോവിഡ് കഴിഞ്ഞപ്പോഴേക്കും 32.5 ലക്ഷമായി. കോവിഡ് കാലത്ത് കൂടുതല്‍ കുടുംബങ്ങള്‍ സ്വന്തംവാഹനങ്ങളെ ആശ്രയിച്ചുതുടങ്ങി. 2013-ലെ കണക്ക് അനുസരിച്ച് 13,58,728 കാറുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, 2022 ആയപ്പോഴേക്കും 32,58,312 എന്ന നിലയിലേക്കാണ് കാറുകളുടെ എണ്ണം ഉയര്‍ന്നത്. ഒന്നര ഇരട്ടി വര്‍ധനവാണ് ഒന്നര വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്.

**ഇരട്ടിയായി ഇരുചക്രവാഹനങ്ങള്‍**

ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തിലും വലിയ കുതുപ്പാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ കൂടുതലായി ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയാണ് ഈ ശ്രേണിയുടെ വളര്‍ച്ചയ്ക്ക് വഴിവെച്ച കാരണങ്ങളിലൊന്ന്. 2013-ല്‍ കേരളത്തില്‍ 50,41,495 ഇരുചക്ര വാഹനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 1,01,51,286 എന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്.** **

** ബസുകളിലും വര്‍ധന****

കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ബസുകളുടെയും എണ്ണത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2013-ല്‍ 43,161 ബസുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് 2022-ല്‍ 49,791 ബസുകളാണ് വര്‍ധിച്ചിട്ടുണ്ട്. യാത്രാബസുകളുടെമാത്രം കണക്കാണിത്. സര്‍ക്കാര്‍ കണക്കില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെങ്കിലും പലതും കട്ടപ്പുറത്താണെന്ന് ബസ്സുടമകള്‍. നികുതി അടയ്ക്കാഞ്ഞതിനാല്‍ ഓടാന്‍ കഴിയാത്തവയുമുണ്ട്.

ഓട്ടോറിക്ഷ
**

മറ്റ് വാഹനങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ താരതമ്യേന കുറവ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് ഓട്ടോറിക്ഷകള്‍ക്കാണ്. 2013-ല്‍ 6,02,547 ഓട്ടോറിക്ഷകളാണ് കേരളത്തിലെ നിരത്തുകളില്‍ ഉണ്ടായിരുന്നതെങ്കില്‍ 2022 ആയപ്പോഴേക്കും ഇത് 7,09,289 എണ്ണമായി മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.**
**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96497/the-number-of-vehicles-in-kerala-continues-to-rise)