---
title: "കുട്ടനാട്ടിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ നടന്ന കൂട്ടത്തല്ല്; പരുക്കേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "Clashes between CPIM workers in Kuttanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/96871/clashes-between-cpim-workers-in-kuttanad"
published_at: "2023-02-14T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb1d3aecde5_Untitled-design-24.png"
keywords: []
---

# കുട്ടനാട്ടിൽ സിപിഐഎം പ്രവർത്തകർ തമ്മിൽ നടന്ന കൂട്ടത്തല്ല്; പരുക്കേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** **കുട്ടനാട്**: സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സിപിഐഎം നേതാക്കൾക്കെതിരെയും കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ, എൽസി അംഗം ശരവണൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

## Article Content

**കുട്ടനാട്**: സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സിപിഐഎം നേതാക്കൾക്കെതിരെയും കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ, എൽസി അംഗം ശരവണൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

കേസ് രജിസ്റ്റർ ചെയ്തതോടെ ചികിത്സയിലായിരുന്ന ലോക്കൽ കമ്മറ്റി അംഗം ശരവണൻ ഡിസ്ചാർജ് വാങ്ങി ആശുപത്രിയിൽ നിന്ന് മുങ്ങി. അതേസമയം, അടികൊണ്ടവർക്കെതിരെ കേസെടുത്തതോടെ കുട്ടനാട്ടിലെ ഔദ്യോഗിക വിഭാഗം പൊലീസിന് താക്കീതുമായി എത്തി. സംഭവത്തിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അറസ്റ്റിലായവർ സിപിഐഎം അനുഭാവികളാണെന്ന് പൊലീസ് അറിയിച്ചു. കിഷോർ, ലൈജു, സജി, ചന്ദ്രൻ, മനോജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, എന്നീ വകുപ്പുകൾ ചുമത്തി. അക്രമം നടത്തിയവർ പാർട്ടി അനുഭാവികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ആണെന്നാണ് പരുക്കേറ്റവർ പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ അക്രമികൾ തങ്ങളെ പിന്തുടർന്നിരുന്നുവെന്നും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷനിൽ വച്ചാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്നും ഇവർ വെളിപ്പെടുത്തി. ഈ മാസം 12ന് രാത്രിയോടെയാണ് സംഭവം നടന്നത്. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും മൂന്നിടത്ത് വെച്ചാണ് ഏറ്റുമുട്ടിയത്. നേതാക്കൾ ഉൽപ്പടെ ആറുപേർക്ക് സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർക്കാണ് പരുക്കേറ്റത്.

തലയ്ക്ക് പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്. കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയായാണ് സംഘർഷം. രാമങ്കരിയിൽ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയാ കമ്മിറ്റിയംഗമുൾപ്പെടെ 42 പേർ രാജിവെച്ചത് സി.പി.ഐ.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളിൽ നിന്ന് 300ൽ അധികം പേർ രാജിവെച്ചിരുന്നു. തുടർന്ന് നേതൃത്വം ഇടപെട്ട് പരാതി കേൾക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതോടും കൂടി പ്രശ്‌നങ്ങൾ ഒതുങ്ങി നിൽക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/96871/clashes-between-cpim-workers-in-kuttanad)