---
title: "സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി"
english_title: "Akash Tillankeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97238/akash-tillankeri"
published_at: "2023-02-15T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecbd30521bf_IMG-20230215-WA0209.jpg"
keywords: []
---

# സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

> **Lead Summary:** **കണ്ണൂർ** : സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പലതിലും തന്നെ കൊണ്ട് ചാടിച്ചത് പാർട്ടി നേതാക്കളാണെന്ന് ആകാശ് തില്ലങ്കേരി പറയുന്നു. ഇടയന്നൂരിലെ ഒരു പാർട്ടി നേതാവിന്റെ ഫേസ്ബുക് പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തൽ നടത്തുന്നത്.

## Article Content

**കണ്ണൂർ** : സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പലതിലും തന്നെ കൊണ്ട് ചാടിച്ചത് പാർട്ടി നേതാക്കളാണെന്ന് ആകാശ് തില്ലങ്കേരി പറയുന്നു. ഇടയന്നൂരിലെ ഒരു പാർട്ടി നേതാവിന്റെ ഫേസ്ബുക് പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തൽ നടത്തുന്നത്.

പലതിലും ഞങ്ങളെ കൊണ്ട് ചാടിച്ചത് ഈ നേതാവാണെന്നും പലരും വാ തുറക്കാത്തതിനാൽ മാത്രം പുറത്തിറങ്ങി നടക്കുന്നുവെന്നും, കുഴിയിൽ ചാടിച്ചവരെ സംരക്ഷിക്കുന്ന ശീലം ഈ നേതാവിനില്ലെന്നും ആകാശ് പറയുന്നു. തുടർന്ന് ക്വട്ടേഷനിലേക്കും സ്വർണ്ണക്കടത്തിലേക്കും തിരിയുവാനുള്ള സാഹചര്യവും ഇയാൾ വിവരിക്കുന്നുണ്ട്.

ആകാശ് തില്ലങ്കേരിയുടെ തുറന്നു പറച്ചിൽ സി പി എമ്മിന് തലവേദനയാകുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം: നേരിട്ട് പറയാൻ ഉള്ളത് പറയാൻ ഒരു മടിയും ഇല്ല സഖാവെ.ഭയം ഇല്ലെന്ന് എടയന്നൂർകാരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.പലതിലും ഞങ്ങളെ കൊണ്ട് ചാടിച്ചവൻ തന്നെയാണ് സരീഷ്.പലരും വാ അടച്ചത് കൊണ്ട് മാത്രം പുറത്തിറങ്ങിനടക്കുന്നു.

കുഴിയിൽ ചാടിച്ചവരെ സംരക്ഷിക്കുന്ന ശീലം സരീഷിന് പണ്ടേ ഇല്ല.ഒന്ന് ശ്രദ്ധിക്കുക.പല ആഹ്വാനങ്ങളും തരും.കേസ് വന്നാൽ തിരിഞ്ഞ് നോക്കില്ല.ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പിലാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഠം വെക്കലുമായിരുന്നു.പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു.ആത്മഹത്യമാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോളാണ് പലവഴിക്ക് സഞ്ചരിച്ചത്.

നിഷേദിച്ചിട്ടില്ല.നിരാകരിക്കുകയും ഇല്ല. പക്ഷെ പാർട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങൾ ആ വഴിയിൽ നടന്നത്.സംരക്ഷിക്കാതിരിക്കുമ്പോൾ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും.കൊട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങൾ ഒന്ന് പരിശോധിച്ചാൽ മനസ്സിലാകും.

അപ്പോളെങ്കിലും ഒന്ന് വിളിച്ചിരുത്തി തെറ്റിലേക്ക് പോകാനുള്ള കാരണം ആരായാനോ തിരുത്തിക്കാനോ ശ്രമിച്ചിരുന്നോ.കൊട്ടേഷനെന്ന് ചാപ്പകുത്തി മാക്സിമം അകറ്റാൻ ശ്രമിക്കുകയായിരുന്നു.വ്യക്തിപരമായ് തേജോവദം ചെയ്യുന്നു.ഈ ഒരാഴ്ച മുമ്പ് വരെ.ക്ഷമയുടെ നെല്ലിപ്പല കാണുമ്പോൾ ഇതൊക്കെ പോലെ‌ നാട്ടുകാരുടെ അമ്മക്ക് വിളി കേൾക്കും.വ്യക്തിപരമായ് നിരന്തരം ആക്രമിച്ചത് കൊണ്ട് മാത്രമാണ് അവന്റെ പദവിയെപോലും വകവെക്കാതെ തെറിവിളിക്കേണ്ടിവരുന്നത്.

രാഷ്ട്രീയപരമായ് വിമർശ്ശനങ്ങൾ ഉന്നയിക്കുന്നവരെയൊക്കെ ജനാധിപത്യ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്.സിറാജും ഷാജറും ഉൾപ്പടെയുള്ളവരോട് ഇപ്പഴും പഴയതിനേക്കാൾ ബഹുമാനം തന്നെയാണ്.അവരൊക്കെ അവരുടെ ക്വാളിറ്റിയിൽ തന്നെയാണ് എല്ലാ പ്രതികരണവും നടത്തുന്നത് സരീഷൊക്കെ പഴയ എസ്എഫ്ഐ    യൂണിറ്റ് ഘടകത്തിന്റെ പക്വതപോലും കാണിക്കാതെയാണ് തന്തക്കും തള്ളക്കും വിളിക്കുന്നതും വിളിക്കുന്നവരെ അതിന് പ്രേരിപ്പിക്കുന്നതും.

അതൊക്കെ ഒരു പരിധിവിട്ടാൽ ആരെങ്കിലും ക്ഷമിക്കുമോ‌. പ്രതികരിക്കുമ്പോൾ കൊട്ടേഷൻ സംഘത്തിനെതിരെ പ്രതികരിച്ചതിലുള്ള ദേഷ്യമാണെന്ന ഇരവാദവും. ഞങ്ങൾ കൊട്ടേഷൻ തന്നെ ആയിരുന്നോട്ടെ പാർട്ടി ഔദ്യോഗികമായി തന്നെ തുറന്ന് പ്രഖ്യാപിച്ചതല്ലേ‌.ഞങ്ങളാരും പാർട്ടിക്ക് അവമതിപ്പുണ്ടാക്കാൻ ഒരു തരത്തിലും അതിന്റെ ഓരത്ത് കൂടി വരുന്നില്ല.

ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കണമെന്ന് തീരുമാനിക്കുന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണല്ലോ.മരണം വരെ ഇടത്പക്ഷ ആശയങ്ങളെ പിന്തുടരുന്ന ഒരാളായിരിക്കും ഞാനും.അത് അസ്ഥിത്വമാണ്. പാർട്ടി തള്ളിപറഞ്ഞവർ അവർക്ക് ഇഷ്ടമുള്ള നിലയിൽ ജീവിച്ചോട്ടെ. കുടുംബവും കുട്ടികളുമായ് സ്വസ്ഥമായ് ജീവിക്കാൻ അനുവദിക്കാതെ വീണ്ടും വീണ്ടും വന്ന് പകപോക്കുമ്പോൾ ഞങ്ങളെന്ത് വേണം.കാര്യമറിയാതെ നിങ്ങളൊക്കെ പ്രതികരിക്കുന്നത് കണ്ട് മറുപടി തന്നതാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97238/akash-tillankeri)