---
title: "മൂന്നുവർഷം നീണ്ട 'ജയിൽ ജീവിതം' കഴിഞ്ഞ് ബ്രൂണിയും ബ്രൂണോയും റാണിയും വെള്ളിയാഴ്ച പുറത്തിറങ്ങും"
english_title: "Bruni, Bruno and Ran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97453/bruni-bruno-and-ran"
published_at: "2023-02-16T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edf3dddcb83_Picsart_23-02-16_14-34-37-861.jpg"
keywords: []
---

# മൂന്നുവർഷം നീണ്ട 'ജയിൽ ജീവിതം' കഴിഞ്ഞ് ബ്രൂണിയും ബ്രൂണോയും റാണിയും വെള്ളിയാഴ്ച പുറത്തിറങ്ങും

> **Lead Summary:** **എറണാകുളം**: മൂന്നുവർഷം നീണ്ട 'ജയിൽ ജീവിതം' കഴിഞ്ഞ് ബ്രൂണിയും ബ്രൂണോയും റാണിയും വെള്ളിയാഴ്ച പുറത്തിറങ്ങും. ജയിലിൽനിന്ന് ആരാകും തങ്ങളെ കൂട്ടിക്കൊണ്ടുപോകുക എന്നത് അവർക്കറിയില്ല. പക്ഷേ, വെള്ളിയാഴ്ച മുതൽ ഏതെങ്കിലും വീട്ടിലായിരിക്കും മൂവരുടെയും ജീവിതം. എറണാകുളം ജില്ലാ ജയിലിൽ കഴിയുന്ന ഡോബർമാൻ ഇനത്തിൽപ്പെട്ട ബ്രൂണിയും ജർമൻ ഷെപ്പേഡ് ഇനമായ ബ്രൂണോയും ലാബ്രഡോർ ഇനത്തിൽപ്പെട്ട റാണിയും കാത്തിരിക്കുകയാണ്, പുതിയ ഗൃഹജീവിതത്തിനായി.

## Article Content

**എറണാകുളം**: മൂന്നുവർഷം നീണ്ട 'ജയിൽ ജീവിതം' കഴിഞ്ഞ് ബ്രൂണിയും ബ്രൂണോയും റാണിയും വെള്ളിയാഴ്ച പുറത്തിറങ്ങും. ജയിലിൽനിന്ന് ആരാകും തങ്ങളെ കൂട്ടിക്കൊണ്ടുപോകുക എന്നത് അവർക്കറിയില്ല. പക്ഷേ, വെള്ളിയാഴ്ച മുതൽ ഏതെങ്കിലും വീട്ടിലായിരിക്കും മൂവരുടെയും ജീവിതം. എറണാകുളം ജില്ലാ ജയിലിൽ കഴിയുന്ന ഡോബർമാൻ ഇനത്തിൽപ്പെട്ട ബ്രൂണിയും ജർമൻ ഷെപ്പേഡ് ഇനമായ ബ്രൂണോയും ലാബ്രഡോർ ഇനത്തിൽപ്പെട്ട റാണിയും കാത്തിരിക്കുകയാണ്, പുതിയ ഗൃഹജീവിതത്തിനായി.

മൂന്നുവർഷം മുമ്പ് മുൻ ജയിൽ മേധാവി ഋഷിരാജ് സിങ്ങാണ് ആറുമാസം പ്രായമുള്ള ഈ നായക്കുട്ടികളെ എറണാകുളം ജില്ലാ ജയിലിൽ കൊണ്ടുവന്നത്. പോലീസ് സേനാ പരിശീലനത്തിന് അയയ്ക്കാതെ മൂന്നുപേരെയും ജയിലിൽത്തന്നെ വളർത്തുകയായിരുന്നു. വലിയ സൗഹൃദത്തിലായിരുന്നു മൂവരും. ഇവ വളർന്നതോടെ പരിപാലനം ബുദ്ധിമുട്ടായി.

ഇതിനിടെ ഇവരെ പരിപാലിച്ചിരുന്ന ഉദ്യോഗസ്ഥൻ സ്ഥലംമാറിപ്പോയി. ഇതോടെയാണ് മൂവരെയും ലേലം ചെയ്ത് വിൽക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചത്. വെള്ളിയാഴ്ച മൂന്നുമണിക്കാണ് ലേലം. ഇതിന്റെ അറിയിപ്പ് വന്ന ദിനംതന്നെ 200-ലേറെപ്പേർ ഏറ്റെടുക്കാൻ താത്പര്യം കാണിച്ച് വിളിച്ചിരുന്നു.ജയിലിൽ മൂന്ന് മുറികളുള്ള കൂട് ഇവർക്കുണ്ടായിരുന്നു.

ഭക്ഷണമായി ദിവസവും കോഴിയിറച്ചിയും ഡോഗ് ഫുഡും. ഇറച്ചി പാകം ചെയ്യാൻ പ്രത്യേക ഗ്യാസ് അടുപ്പുവരെ സജ്ജീകരിച്ചിരുന്നു. ദിവസവും രാവിലെ ആറിന് വ്യായാമത്തോടെയാണ് ഇവരുടെ ദിനം ആരംഭിക്കുന്നത്. ഇവരെ വ്യായാമം ചെയ്യിപ്പിക്കാൻ ജയിൽ ഉദ്യോഗസ്ഥർക്കൊപ്പം മൃഗസ്നേഹികളായ തടവുകാരും കൂടും.

'മൂന്നുപേരും വലിയ ശൗര്യക്കാരാണ്. എന്നാൽ കാക്കിയിട്ടവരെ കണ്ടാൽ അനുസരണക്കാരാകും. കാക്കിയിടാതെ വന്നാൽ ചിലപ്പോൾ ഉദ്യോഗസ്ഥരുടെ നേർക്കുപോലും കുരച്ചുചാടും. ജയിലിൽ ഇവർ ഉള്ളത് ഒരർത്ഥത്തിൽ വലിയ സുരക്ഷ തന്നെയായിരുന്നു'' - പ്രിസൺ ഓഫീസർ വി.ടി. പ്രദീപനും അസി. പ്രിസൺ ഓഫീസർ പി. റോഷ്ലാലും പറഞ്ഞു.

കെന്നൽ ക്ലബ്ബിന്റെ രജിസ്ട്രേഷനും ഹെൽത്ത് കാർഡുമൊക്കെയുള്ള ഇവർക്ക് കൃത്യമായ വാക്സിനേഷനും നൽകിയിട്ടുണ്ട്. ലേലത്തിൽ സ്വന്തമാക്കുന്നവർക്ക് അപ്പോൾത്തന്നെ ഇവരെ കൊണ്ടുപോകാമെന്ന് ജയിൽ സൂപ്രണ്ട് അഖിൽ എസ്. നായർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97453/bruni-bruno-and-ran)