---
title: "കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം രണ്ടരവർഷം ലീഗിന് അവകാശപ്പെട്ടതാണെന്ന് അബ്ദുൽ കരീം ചേലേരി"
english_title: "Abdul Karim Cheleri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97746/abdul-karim-cheleri"
published_at: "2023-02-17T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef693dcc4ac_Screenshot_2023-02-17-17-10-49-07_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം രണ്ടരവർഷം ലീഗിന് അവകാശപ്പെട്ടതാണെന്ന് അബ്ദുൽ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ**: കോർപറേഷൻ മേയർ സ്ഥാനം രണ്ടരവർഷം ലീഗിന് അവകാശപ്പെട്ടതാണെന്നും അതിൽ വിട്ടുവീഴ്ച്ചയില്ലെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പ്രസ് ക്ലബിൽ പറഞ്ഞു. രണ്ടര വർഷം ആവുന്ന മുറക്ക് UDF ൽ ലീഗ് മേയർ സ്ഥാനത്തിന് അവകാശമുന്നയിക്കുമെന്നും കരീം ചേലേരി പറഞ്ഞു.

## Article Content

**കണ്ണൂർ**: കോർപറേഷൻ മേയർ സ്ഥാനം രണ്ടരവർഷം ലീഗിന് അവകാശപ്പെട്ടതാണെന്നും അതിൽ വിട്ടുവീഴ്ച്ചയില്ലെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പ്രസ് ക്ലബിൽ പറഞ്ഞു. രണ്ടര വർഷം ആവുന്ന മുറക്ക് UDF ൽ ലീഗ് മേയർ സ്ഥാനത്തിന് അവകാശമുന്നയിക്കുമെന്നും കരീം ചേലേരി പറഞ്ഞു.

കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു. ചെയ്ത തെറ്റിൽ പാർട്ടിയോട് മാപ് പറഞ്ഞത് കൊണ്ടാണ് കെ.പി താഹിറിനെ ജില്ലാ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുത്തതെന്നും അദ്ദഹം പറഞ്ഞു. ഭൗതിക നേട്ടത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഒന്നല്ല രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും എന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അഭിപ്രായപ്പെട്ടു.

പൊതുപ്രവർത്തനം ഒരു ആരാധന എന്ന നിലയിലാണ് ഞാൻ കാണുന്നത്. ദേശീയപാത വികസന പ്രവർത്തനത്തിൽ പലയിടത്തും ജനങ്ങൾ അടിപ്പാതയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവിടങ്ങളിൽ ജനങ്ങൾ നടത്തുന്ന സമരങൾക്കൊപ്പം ലീഗ് നിൽക്കും. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി നൽകാത്തത് കേന്ദ്ര വ്യോമയാന മന്ത്രലയത്തിന്റേത് നിഷേധാത്മക നിലപാടാണ്.

കണ്ണൂരിൽ പോയിന്റ് ഓഫ് കോൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ പാരിസ്ഥിതികവും പൊതുജനം ഉന്നയിക്കുന്ന വിഷയങ്ങളിലും സർക്കാർ ചെവികൊടുക്കണമെന്നും കരീം ചേലേരി അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97746/abdul-karim-cheleri)