---
title: "കേരളത്തില്‍ നിന്ന് ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി"
english_title: "The farmer who went from Kerala to Israel to study agriculture has gone missing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98127/the-farmer-who-went-from-kerala-to-israel-to-study-agriculture-has-gone-missing"
published_at: "2023-02-19T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1bf51714d8_zXzcx.jpg"
keywords: []
---

# കേരളത്തില്‍ നിന്ന് ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തിലെ കര്‍ഷകനെ കാണാതായി

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രയേൽ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്നു 17നു രാത്രി കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തു നിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. വിവരം അപ്പോൾ തന്നെ ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചു. ഇസയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രദേശത്തെ ആശുപത്രികളിലും മാളുകളിലും നിരീക്ഷിച്ചെങ്കിലും ആളെക്കുറിച്ചു വിവരം ലഭിച്ചില്ല. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.

## Article Content

**തിരുവനന്തപുരം : **സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് ഇസ്രയേൽ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്നു 17നു രാത്രി കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തു നിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു. വിവരം അപ്പോൾ തന്നെ ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചു. ഇസയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രദേശത്തെ ആശുപത്രികളിലും മാളുകളിലും നിരീക്ഷിച്ചെങ്കിലും ആളെക്കുറിച്ചു വിവരം ലഭിച്ചില്ല. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.

ഇന്ത്യൻ അംബാസഡർക്കും രാത്രി തന്നെ വിവരങ്ങൾ കൈമാറിയതായി ബി.അശോക് പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വിസ സർക്കാരിന്റെ അഭ്യർഥന പ്രകാര മുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്. സംഘത്തോടൊപ്പം മടങ്ങിയില്ലെങ്കിൽ വീസ റദ്ദാവുകയും ഇസ്രായേൽ അധികൃതർ തടഞ്ഞുവയ്ക്കുകയും ചെയ്യും. കണ്ണൂരിലെ ബിജുവിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. സംഘത്തോടൊപ്പം ചേരണമെന്നു ബിജുവി നോട് അഭ്യർഥിക്കാനും കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഈ മാസം 11നു ശേഷം ബിജു കുടുംബത്തിൽ ആരെയും വിളിച്ചിട്ടില്ല എന്ന വിവരവുമുണ്ട്.

16നു ശേഷം മുറിയിൽ ഒപ്പം കഴിഞ്ഞിരുന്ന കർഷക സുഹൃത്തുമായും ടീമിന്റെ ലീഡറുമായും ബന്ധപ്പെട്ടി ട്ടില്ല. ഇസ്രയേൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈ മാസം 12നു തിരിച്ച സംഘം ഇന്നു മടങ്ങിയെത്തുമെന്നാണു സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98127/the-farmer-who-went-from-kerala-to-israel-to-study-agriculture-has-gone-missing)