---
title: "കലാരൂപങ്ങളും, വൻ ജനാവലിയും, കണ്ണൂരിൽ ഇപി യില്ലാതെ ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം"
english_title: "Govindan Master"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99064/govindan-master"
published_at: "2023-02-23T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f712db6bf1c_Screenshot_2023-02-23-12-36-07-39_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# കലാരൂപങ്ങളും, വൻ ജനാവലിയും, കണ്ണൂരിൽ ഇപി യില്ലാതെ ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം

> **Lead Summary:** ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയപ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയപ്രതിരോധ ജാഥയ്ക്കു നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ ആവേശോജ്വല സ്വീകരണം. എം.വി.ഗോവിന്ദന്റെ സ്വന്തം മണ്ഡലമായ തളിപ്പറമ്പിൽ എത്തിയ ജാഥയെ പട്ടുവത്ത് നിന്ന് നിരവധി ചുവപ്പ് വേഷധാരികൾ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ചിറവക്കിലേക്ക് നയിച്ചത്. തുടർന്ന് ദേശീയപാതയോരത്ത് റെഡ് വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് തുറന്ന് വാഹനത്തിൽ എം.വി.ഗോവിന്ദനെ ചിറവക്കിലെ സ്വീകരണ സമ്മേളന വേദിയിലേക്ക് ആനയിച്ചു.

ഒപ്പന, സംഘനൃത്തങ്ങൾ, കോൽക്കളി, തെയ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയും ജാഥയ്ക്ക് അകമ്പടി സേവിച്ചു. വൻജനാവലിയാണ് ജാഥയെ സ്വീകരിക്കാൻ ചിറവക്കിൽ എത്തിയത്. സ്വീകരണ പന്തൽ നിറഞ്ഞും പുറത്ത് വൻജനാവലി കാത്തുനിന്നിരുന്നു. സ്വീകരണ സമ്മേളനത്തിൽ ടി.കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ കെ.ടി.ജലീൽ, ജെയ്ക് സി.തോമസ്, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ എന്നിവരും എം.വി.ഗോവിന്ദനൊപ്പമുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99064/govindan-master)