---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസിൽ വിശദീകരണവുമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം"
english_title: "Manoj Abraham"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99112/manoj-abraham"
published_at: "2023-02-23T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f73d8c9eb03_IMG-20230223-WA0173.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസിൽ വിശദീകരണവുമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം

> **Lead Summary:** **തിരുവനന്തപുരം**: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസിൽ വിശദീകരണവുമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. തട്ടിപ്പിനു പിന്നിൽ സംഘടിതമായ ഒരു പ്രവർത്തനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുതന്നെയാണ് അന്വേഷണത്തിന് നിർദേശം ലഭിച്ചത്. അതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നും വിജിലൻസ് ഡയറക്ടർ പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പുകേസിൽ വിശദീകരണവുമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. തട്ടിപ്പിനു പിന്നിൽ സംഘടിതമായ ഒരു പ്രവർത്തനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുതന്നെയാണ് അന്വേഷണത്തിന് നിർദേശം ലഭിച്ചത്. അതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നും വിജിലൻസ് ഡയറക്ടർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള പരിശോധനയിലാണ് ക്രമക്കേടുകൾ ആദ്യം കണ്ടെത്തുന്നത്. തുടർന്ന് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി. തുടർന്നു നടത്തിയ പരിശോധനയിൽ നിരവധി ജില്ലകളിൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി. കൊല്ലം ജില്ലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കും - മനോജ് എബ്രഹാം വിശദീകരിച്ചു.

തട്ടിപ്പിനു പിന്നിൽ സംഘടിതമായ പ്രവർത്തനമാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. രണ്ടുവർഷത്തെ മാത്രം ഫയലുകളാണ് ഇപ്പോൾ പരിശോധിച്ചത്. അതിൽത്തന്നെ നിരവധി തട്ടിപ്പുകൾ നടന്നതായി കണ്ടെത്തി. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി അപേക്ഷകരെയും വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് സഹായധനം വാങ്ങിനൽകാൻ ഏജന്റുമാർ പ്രവർത്തിക്കുന്നുവെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. ചില കളക്ടറേറ്റുകളിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സഹായധനം ഏർപ്പാടാക്കാൻ ഏജന്റുമാർ പ്രവർത്തിക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

അപേക്ഷകളിൽ പലതിലും അപേക്ഷകന്റെ ഫോൺ നമ്പറിന് പകരം ഏജന്റുമാരുടെ നമ്പറുകളാണുള്ളത്. സഹായധനം ലഭിച്ചാൽ ഏജന്റുമാർ തുകയുടെ പങ്കുപറ്റുന്നതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു കൊല്ലം ജില്ലയിൽ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം ഒരേ എല്ലുരോഗ വിദഗ്ധൻ നൽകിയതാണ്. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയതായി കണ്ടെത്തി.

കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. ഇതേ ഡോക്ടർ ഒരേ വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസങ്ങളിലായി നൽകിയതും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് സമർപ്പിച്ച 16 അപേക്ഷകളിൽ തുക അനുവദിച്ചു.

കരൾ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദ്രോഗമാണെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. എറണാകുളത്തെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാസഹായധനമായി മൂന്നുലക്ഷവും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയുമാണ് അനുവദിച്ചത്. നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും തുക അനുവദിച്ചിട്ടുണ്ട്. വിദഗ്ധരല്ലാത്ത ഡോക്ടർമാർ ഗുരുതര രോഗങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയതും കണ്ടെത്തി.

പാലക്കാട്ട് പരിശോധിച്ച 15 അപേക്ഷകളിൽ അഞ്ച് അപേക്ഷകളോടൊപ്പം ചേർത്തിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹൃദ്രോഗത്തിന് ആയുർവേദ ഡോക്ടർ നൽകിയതാണ്. അഞ്ച് അപേക്ഷകളും സമർപ്പിച്ചത് ഒരേ ഏജന്റാണ്. കാസർകോട്ട് രണ്ട് അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഒരേ കൈയക്ഷരമാണ്. എന്നാൽ, ഒപ്പ് രണ്ട് ഡോക്ടർമാരുടേതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99112/manoj-abraham)