---
title: "പാത്തൻപാറ മല തകരുന്നു ദുരന്തഭീതിയിൽ ജനങ്ങൾ"
english_title: "Pathanpara mountain is collapsing and people are in fear of disaster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99122/pathanpara-mountain-is-collapsing-and-people-are-in-fear-of-disaster"
published_at: "2023-02-23T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7450955379_Picsart_23-02-23_16-12-32-950.jpg"
keywords: []
---

# പാത്തൻപാറ മല തകരുന്നു ദുരന്തഭീതിയിൽ ജനങ്ങൾ

> **Lead Summary:** **കുടക്**: വനാതിർത്തിക്കടുത്ത് പൈതൽമലയടിവാരത്തെ പരിസ്ഥിതിലോല പ്രദേശമായ പാത്തൻപാറയിൽ ഒരു കൂറ്റൻ മലയാകെ പിളർന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ. മൂന്ന്‌ കിലോമീറ്ററോളം മലനിരപ്പിൽ പലയിടങ്ങളിലും ഭൂമിയിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. കരിങ്കൽ ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നതിന് മുകൾഭാഗത്ത് മലയിൽ ഒരുഭാഗം അടർന്ന് മരങ്ങളോടെ താഴെക്ക് പതിച്ചിട്ടുണ്ട്.

## Article Content

**കുടക്**: വനാതിർത്തിക്കടുത്ത് പൈതൽമലയടിവാരത്തെ പരിസ്ഥിതിലോല പ്രദേശമായ പാത്തൻപാറയിൽ ഒരു കൂറ്റൻ മലയാകെ പിളർന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ. മൂന്ന്‌ കിലോമീറ്ററോളം മലനിരപ്പിൽ പലയിടങ്ങളിലും ഭൂമിയിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. കരിങ്കൽ ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നതിന് മുകൾഭാഗത്ത് മലയിൽ ഒരുഭാഗം അടർന്ന് മരങ്ങളോടെ താഴെക്ക് പതിച്ചിട്ടുണ്ട്.

കർഷകരിൽനിന്ന്‌ ക്വാറിക്കാർ വാങ്ങിയ ഏക്കർ കണക്കിന് ഭൂമി പലയിടത്തും ആഴത്തിൽ വീണ്ടുകീറിയിട്ടുണ്ട്. 14 വർഷത്തോളം ഉഗ്രസ്ഫോടനം നടന്നതിനാൽ മലയാകെ പ്രകമ്പനംകൊണ്ടിരിക്കുകയാണ്. പാറക്കെട്ടുകൾ ഇല്ലാതായതോടെ പൈതൽ മലയുടെ സമീപമുള്ള ഈ കുന്ന് അപ്പാടെ നിലംപതിക്കുമോയെന്ന ആശങ്കയിലാണിവരെല്ലാം.

മഴക്കാലത്ത് ഇത്തരമൊരു ദുരന്തമുണ്ടായാൽ നിരവധി കുടുംബങ്ങൾ താമസിക്കുന്ന മൈലംപെട്ടി, നരയൻകല്ല് മലകൾ അപ്പാടെ കുത്തിയൊഴുകി പാത്തൻപാറ ടൗൺ, യു.പി. സ്കൂൾ, അങ്കണവാടികൾ തുടങ്ങിയവ ഭൂപടത്തിൽപ്പോലും ഇല്ലാതാകും. ചപ്പാരപ്പടവ് -കുപ്പം പുഴവരെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളും ടൗണുകളും തുടച്ചുനീക്കപ്പെടും.

ഒരു ക്വാറി വരുത്തിയ ദുരന്തത്തിന്റെ കെടുതി ഒരു ദേശമാകെ ഇല്ലാതാകുന്ന നിലയാണുള്ളത്. ക്വാറി പ്രവർത്തനം രണ്ടാഴ്ചയായി നിർത്തിയിരിക്കുകയാണ്. ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ അധികൃതർ ഉടൻ സ്റ്റോപ്പ് മെമ്മോ കൊടുക്കുമെന്നും പറയുന്നു. അനുമതി നൽകിയത് പിന്നീട് പിരിച്ചുവിട്ട സമിതി സാങ്കേതിക വൈദഗ്ധ്യമില്ലാത്തതിനാൽ 2018-ൽ ദേശീയ ഹരിത ട്രിബ്യൂണൽ പിരിച്ചുവിട്ട ജില്ലാ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയായിരുന്നു.

പാത്തൻപാറ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയത്. അനുമതി നൽകുന്നതിന് മുൻപ് പരിസ്ഥിതി വിദ്ഗധരും സംഘടനകളും ക്വാറി വന്നാലുണ്ടാകുന്ന ദോഷങ്ങൾ വിശദമാക്കി അതോറിറ്റി ചെയർമാനായ കളക്ടർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ദുരന്ത സാധ്യതകൾ പരിശോധിച്ച് വിലയിരുത്താതെയായിരുന്നു അന്ന് ക്വാറിക്ക് അനുമതി നൽകിയത്. 2018, 2019 വർഷങ്ങളിൽ വലിയ ഉരുൾപൊട്ടലും നാശവും ഉണ്ടായപ്പോൾ ക്വാറി പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനവും പരിഗണിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99122/pathanpara-mountain-is-collapsing-and-people-are-in-fear-of-disaster)