---
title: "രാജ്യത്തെ ആദ്യത്തെ വൈദ്യുത ഡബിള്‍ ഡക്കര്‍ ബസ് മുംബൈയില്‍ ഓടിത്തുടങ്ങി. "
english_title: "India's first electric double-decker bus has started running in Mumbai."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99156/indias-first-electric-double-decker-bus-has-started-running-in-mumbai"
published_at: "2023-02-23T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f775fccb153_XFDD.jpg"
keywords: []
---

# രാജ്യത്തെ ആദ്യത്തെ വൈദ്യുത ഡബിള്‍ ഡക്കര്‍ ബസ് മുംബൈയില്‍ ഓടിത്തുടങ്ങി. 

> **Lead Summary:** രാജ്യത്തെ ആദ്യത്തെ വൈദ്യുത ഡബിള്‍ ഡക്കര്‍ ബസ് മുംബൈയില്‍ ഓടിത്തുടങ്ങി. ഛത്രപതി ശിവജി ടെര്‍മിനസില്‍നിന്ന് ചര്‍ച്ച്ഗേറ്റ് വഴി നരിമാന്‍ പോയന്റിലെ എന്‍.സി.പി.എയിലേക്കും തിരിച്ചുമാണ് ഓട്ടം. ഓഫീസ് ജീവനക്കാരെ ലക്ഷ്യംവെച്ചാണ് ബെസ്റ്റ് (ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്) ഇതിന്റെ റൂട്ട് ക്രമീകരിച്ചത്. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് ഈ റൂട്ടിലുള്ള സര്‍വീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായി ദക്ഷിണ മുംബൈയിലെ പ്രധാനസ്ഥലങ്ങളിലേക്ക് ഓടും. സി.എസ്.ടി.യില്‍നിന്ന് നരിമാന്‍ പോയന്റിലേക്കുള്ള അഞ്ചു കിലോ മീറ്റര്‍ ദൂരത്തിന് യാത്രക്കാര്‍ നല്‍കേണ്ടത് ആറു രൂപയാണ്. ഹെറിറ്റേജ് ടൂറിന് മുകള്‍നിലയില്‍ 150 രൂപയും താഴത്തെ നിലയില്‍ 75 രൂപയുമാണ് നിരക്ക്.

## Article Content

രാജ്യത്തെ ആദ്യത്തെ വൈദ്യുത ഡബിള്‍ ഡക്കര്‍ ബസ് മുംബൈയില്‍ ഓടിത്തുടങ്ങി. ഛത്രപതി ശിവജി ടെര്‍മിനസില്‍നിന്ന് ചര്‍ച്ച്ഗേറ്റ് വഴി നരിമാന്‍ പോയന്റിലെ എന്‍.സി.പി.എയിലേക്കും തിരിച്ചുമാണ് ഓട്ടം. ഓഫീസ് ജീവനക്കാരെ ലക്ഷ്യംവെച്ചാണ് ബെസ്റ്റ് (ബൃഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്) ഇതിന്റെ റൂട്ട് ക്രമീകരിച്ചത്. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് ഈ റൂട്ടിലുള്ള സര്‍വീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ വിനോദസഞ്ചാരികള്‍ക്കായി ദക്ഷിണ മുംബൈയിലെ പ്രധാനസ്ഥലങ്ങളിലേക്ക് ഓടും. സി.എസ്.ടി.യില്‍നിന്ന് നരിമാന്‍ പോയന്റിലേക്കുള്ള അഞ്ചു കിലോ മീറ്റര്‍ ദൂരത്തിന് യാത്രക്കാര്‍ നല്‍കേണ്ടത് ആറു രൂപയാണ്. ഹെറിറ്റേജ് ടൂറിന് മുകള്‍നിലയില്‍ 150 രൂപയും താഴത്തെ നിലയില്‍ 75 രൂപയുമാണ് നിരക്ക്.

ഡിജിറ്റല്‍ ടിക്കറ്റ് മാത്രമാണ് ഇതില്‍ ലഭിക്കുക. ചലോ ആപ്പ് വഴിയോ ചലോ സ്മാര്‍ട്ട് കാര്‍ഡ് വഴിയോ മാത്രമേ ടിക്കറ്റെടുക്കാനാകൂ. യാത്ര ചെയ്യേണ്ടത് എങ്ങോട്ടാണെന്ന് ആപ്പില്‍ തിരഞ്ഞെടുത്ത ശേഷം മൊബൈല്‍ഫോണ്‍ ബസിന്റെ മുന്‍ഭാഗത്തുള്ള വാതിലിന് സമീപത്തെ ഉപകരണത്തില്‍ കാണിക്കണം. ബസില്‍നിന്ന് ഇറങ്ങുമ്പോള്‍ പിന്‍വശത്തെ വാതിലില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ മൊബൈല്‍ കാണിക്കുന്നതോടെ ഇ-വാലറ്റില്‍നിന്ന് ടിക്കറ്റ് നിരക്ക് എടുത്തോളും. കാലത്ത് 8.45 മുതല്‍ 30 മിനിറ്റ് ഇടവേളകളിലാണ് ബസ് ഓടുക. 78 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കും.

അവസാന ട്രിപ്പ് രാത്രി ഒന്‍പതു മണിയോടെ എന്‍.സി.പി.എ.യില്‍ നിന്നാണ്. മുകളിലത്തെ നിലയിലേക്ക് കയറാന്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി രണ്ട് കോണിപ്പടികളുണ്ട്. കൂടുതല്‍ ബസ് എത്തുന്നതോടെ സി.എസ്.ടി.- ഗേറ്റ് വേ ഓഫ് ഇന്ത്യാ, കുര്‍ള-ബി.കെ.സി.-ബാന്ദ്ര ഈസ്റ്റ് റൂട്ടുകളിലും വൈദ്യുത ഡബിള്‍ ഡക്കര്‍ ഓടിത്തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99156/indias-first-electric-double-decker-bus-has-started-running-in-mumbai)