---
title: "സമകാലീന സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ - രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍."
english_title: "Co-operation and Registration Minister V.N. said that films are glimpses of contemporary social life. Vasavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99451/co-operation-and-registration-minister-vn-said-that-films-are-glimpses-of-contemporary-social-life-vasavan"
published_at: "2023-02-24T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8f729c16d5_flmnbmn.jpg"
keywords: []
---

# സമകാലീന സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ - രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍.

> **Lead Summary:** **കോട്ടയം: **സമകാലീന സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ - രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. അനശ്വര തിയേറ്ററില്‍ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയുടെ സന്ദേശം രാജ്യാന്തരതലത്തില്‍ ഉയര്‍ത്താന്‍ സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു. ബെഞ്ചമിന്‍ ബെയ്‌ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങള്‍ക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയനാണ്.

## Article Content

**കോട്ടയം: **സമകാലീന സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ - രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. അനശ്വര തിയേറ്ററില്‍ കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയുടെ സന്ദേശം രാജ്യാന്തരതലത്തില്‍ ഉയര്‍ത്താന്‍ സഹായിക്കുന്നതാണ് ഈ ചലച്ചിത്രമേളയെന്നും അദ്ദേഹം പറഞ്ഞു. ബെഞ്ചമിന്‍ ബെയ്‌ലിയിലൂടെയും ചാവറയച്ചനിലൂടെയും അക്ഷരങ്ങള്‍ക്ക് നിറം കൊടുത്ത നാടാണ് കോട്ടയം. ആദ്യത്തെ ശബ്ദസിനിമയുടെ അമരക്കാരനും കാഞ്ഞിരപ്പള്ളി സ്വദേശി ചെറിയനാണ്.

ജോണ്‍ ഏബ്രാഹം, അരവിന്ദന്‍, അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും സാംസ്‌കാരിക സമ്പന്ന നാടാണ് കോട്ടയം. തുടര്‍വര്‍ഷങ്ങളിലും ഈ മേള ഏറ്റവും സജീവമായി തുടരുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സ മുഖ്യാതിഥിയായി. മുഖ്യാതിഥിയേയും ചലച്ചിത്ര നിര്‍മാതാവ് ജോയി തോമസിനെയും മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കിക്കൊണ്ട് തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു.

ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം സംവിധായകന്‍ ജയരാജിന് നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ സംഘാടകസമിതി ചെയര്‍മാന്‍ ജയരാജ് ആമുഖ പ്രഭാഷണം നടത്തി. തോമസ് ചാഴികാടന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, നിര്‍മാതാവ് ജോയി തോമസ്, ഫെസ്റ്റിവല്‍ സംഘാടക സമിതി കണ്‍വീനര്‍ പ്രദീപ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99451/co-operation-and-registration-minister-vn-said-that-films-are-glimpses-of-contemporary-social-life-vasavan)