---
title: "അന്ന് ബുദ്ധിമാനായ കുറ്റവാളി;ഇന്ന് ഹൈക്കോടതി അഭിഭാഷകൻ"
english_title: "A brilliant criminal then; today a High Court lawyer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/99826/a-brilliant-criminal-then-today-a-high-court-lawyer"
published_at: "2023-02-26T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb280c9f1ed_Screenshot_20230226-150330_WhatsApp.jpg"
keywords: []
---

# അന്ന് ബുദ്ധിമാനായ കുറ്റവാളി;ഇന്ന് ഹൈക്കോടതി അഭിഭാഷകൻ

> **Lead Summary:**  എല്ലാവരും മറന്നുപോയ അസാധാരണക്കാരനായ ആ കുറ്റവാളി പയ്യന്നൂർ കോടതിയിൽ പുതിയ രൂപത്തിൽ എത്തിയപ്പോൾ പോലീസും അഭിഭാഷകരും അമ്പരന്നു. വിദേശവനിതയെ ബലാത്സംഗം ചെയ്ത കുറ്റം. അതിന് പുറമേ ആൾമാറാട്ടത്തിലൂടെ കണ്ണൂരിലെ ചിൻടെക് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് എം.ബി.എ. ബിരുദം നേടി എസ്.ബി.ടി.യിൽ ജോലിനേടിയെന്ന കുറ്റം. രണ്ടിലും പിടിക്കപ്പെട്ട ഒഡിഷ സ്വദേശിയായ ബിട്ടി മൊഹന്തി എന്ന യുവാവ്. ഒഡിഷ മുൻ ഡി.ജി.പി.യുടെ മകൻ കൂടിയാണിയാൾ.

## Article Content

 എല്ലാവരും മറന്നുപോയ അസാധാരണക്കാരനായ ആ കുറ്റവാളി പയ്യന്നൂർ കോടതിയിൽ പുതിയ രൂപത്തിൽ എത്തിയപ്പോൾ പോലീസും അഭിഭാഷകരും അമ്പരന്നു. വിദേശവനിതയെ ബലാത്സംഗം ചെയ്ത കുറ്റം. അതിന് പുറമേ ആൾമാറാട്ടത്തിലൂടെ കണ്ണൂരിലെ ചിൻടെക് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് എം.ബി.എ. ബിരുദം നേടി എസ്.ബി.ടി.യിൽ ജോലിനേടിയെന്ന കുറ്റം. രണ്ടിലും പിടിക്കപ്പെട്ട ഒഡിഷ സ്വദേശിയായ ബിട്ടി മൊഹന്തി എന്ന യുവാവ്. ഒഡിഷ മുൻ ഡി.ജി.പി.യുടെ മകൻ കൂടിയാണിയാൾ.

12 വർഷത്തിനുശേഷം അപൂർവമായ ആൾമാറാട്ടക്കേസിൽ പയ്യന്നൂർ കോടതിയിൽ പ്രതിയായി ഹാജരാകാൻ വന്നപ്പോൾ ബിട്ടി മൊഹന്തി അഭിഭാഷകനായി പരിണമിച്ചിരുന്നു. ഒഡിഷയിലെ ഉത്കൽ സർവകലാശാലയിൽനിന്ന്‌ ഒന്നാം റാങ്കിൽ എൽഎൽ.ബി. പാസായ ബിട്ടി അവിടെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ജർമൻ യുവതിയെ ബലാത്സംഗംചെയ്തെന്ന കേസിൽ സുപ്രീംകോടതിയിൽനിന്ന് ജാമ്യം നേടിയ ഇയാൾ നേരേ എൽഎൽ.ബി. പഠനത്തിന് ചേരുകയായിരുന്നു. കേസിൽ അകപ്പെട്ട ബിട്ടി ജയിലിൽ പോകാതിരിക്കാനായി നാടുവിടുകയായിരുന്നു. ബിട്ടി മൊഹന്തി എന്ന വ്യക്തിത്വം മാറ്റി തെലുഗു ബ്രാഹ്മണനായ രാഘവ് രാജനായി മാറി. തന്റെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ രാഘവ്‌ രാജനിലേക്ക് മാറ്റി ചാല ചിൻടെക്കിൽ വിദ്യാർഥിയായി ചേർന്നു. മികച്ച വിജയം നേടി. ഈ സമയം ഒഡിഷയിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബി.ടെക്. ബിരുദം ബിട്ടിക്കുണ്ടായിരുന്നു. 71 ശതമാനം മാർക്കോടെ എം.ബി.എ. നേടിയ ബിട്ടി അവിടെതന്നെ അധ്യാപകനായി മാറി . പിന്നീടാണ് എസ്.ബി.ടിയിൽ പ്രൊബേഷണറി ഓഫീസറാകുന്നത്. ആരോ അയച്ച ഊമക്കത്തിൽനിന്നാണ് ഇയാൾ രാഘവ് രാജനല്ലെന്നും ഒഡിഷ സ്വദേശി ബിട്ടി മൊഹന്തിയാണെന്നുമുള്ള വിവരം പുറത്തുവന്നത്. പിന്നീടുള്ള പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. 2006 മാർച്ച് ആറിന് രാത്രി രാജസ്ഥാനിലുള്ള ആൾവാറിലെ ഹോട്ടൽമുറിയിൽ കൂട്ടുകാരിയായ ജർമൻയുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയാകുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ബിട്ടി ഏഴുമാസത്തിനുശേഷം പരോളിലിറങ്ങി മുങ്ങി. പിന്നീട് 2013 മാർച്ച് ഒൻപതിന് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ ഒളിവിൽ തന്നെ. ബി.ടെക്. ഉൾപ്പെടെ തന്റെ എല്ലാ രേഖകളും രാഘവ്‌ രാജൻ എന്ന വ്യാജപ്പേരിലേക്ക്‌ ബിട്ടി മാറ്റിയിരുന്നു. രാഘവ് രാജൻ, സൺ ഓഫ് എസ്.വി. രാമറാവു, എ.7 ഗ്രൗണ്ട് ഫ്ളോർ, സായിശ്രീ കോൺക്ലേവ്, ചിത്രാവതി റോഡ് പുട്ടപർത്തി എന്നായിരുന്നു വിലാസം. കലിംഗയുടെ ബി.ടെക്. കോഴ്‌സ് അംഗീകാരമുള്ളതാണെന്ന് ഇക്വലൈസേഷൻ സർട്ടിഫിക്കറ്റ് നൽകിയ സർവകലാശാല രാഘവ്‌ രാജന്റെ ബി.ടെക്. സർട്ടിഫിക്കറ്റിന്റെ യാഥാർഥ്യം പരിശോധിച്ചില്ല. അതാണ് അയാൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/99826/a-brilliant-criminal-then-today-a-high-court-lawyer)