
മയ്യിൽ : ആന്റിജൻ പരിശോധനയുടെ രജിസ്ട്രേഷൻ കൗണ്ടറിന്റെ പ്രവർത്തനം മരത്തടി വീണ് തകർന്ന കെട്ടിത്തിനുള്ളിൽ.
മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ മുൻപ് ഡോക്ടർമാർ താമസിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്ന കെട്ടിത്തിലാണ് കഴിഞ്ഞ ജൂൺ മാസം കൂറ്റൻ മരം പൊട്ടിവീണത്.

ശക്തമായ കാറ്റിലും മഴയിലുമുണ്ടായ അപകടത്തിൽ കെട്ടിത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റും ഓടുകളും കഴുക്കോലും തകർന്നിരുന്നു. പൊട്ടിവീണ മരക്കൊമ്പ് നീക്കാത്തതിനാൽ ഉണങ്ങി ദ്രവിച്ച് വീണുകൊണ്ടിരിക്കുന്ന നിലയിലാണുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആന്റിജൻ പരിശോധനയുടെ രജിസ്ട്രേഷൻ കൗണ്ടറായാണ് ഇപ്പോൾ ഈ കെട്ടിടം പ്രവർത്തിക്കുന്നത്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം നവീകരിക്കുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനാലാണ് മരത്തടി മുറിച്ചുനീക്കാത്തതെന്നാണ് അറിയുന്നത്.

തകർന്നുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ദിവസം നൂറിലധികംപേർ രജിസ്റ്റർ ചെയ്യാനെത്തുന്ന കാഴ്ചയാണ്.
ആസ്പത്രിയുടെ പ്രധാന ഗേറ്റിനുസമീപത്ത് പൊട്ടിവീണ കൂറ്റൻ മരക്കൊമ്പ് നീക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.