ഇരിട്ടി : ഇരിട്ടി നഗരസഭ 11-ാം വാര്‍ഡ് വികാസ് നഗറില്‍ നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുണ്മി ഷാജിക്ക് വീടൊരുങ്ങുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞ സുരേഷ് ഗോപി എം.പിയാണ് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നത്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുണ്മി ഹാപ്പിയാണ്. കാരണം മറ്റൊന്നുമല്ല സിനിമാതാരവും എംപിയുമായ സുരേഷ്ഗോപി മുണ്മിയെ വിളിച്ചു. വെറുതെ കുശലം പറയാന്‍ വിളിച്ചതല്ല മറിച്ച് ഒരു വീട് സമ്മാനിക്കുന്ന കാര്യമാണ് സുരേഷ് ഗോപി സംസാരിച്ചത്. അസം സ്വദേശിനിയാണെങ്കിലും നന്നായി മലയാളം സംസാരിക്കുന്ന മുണ്മി സുരേഷ് ഗോപിക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. ‘സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്. വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല.’
തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന കൗതുകമായിരുന്നു മുണ്മിയുടെ സ്ഥാനാര്‍ഥിത്വം. ഇരിട്ടി നഗരസഭയിലേക്ക് അസമില്‍ നിന്നും സ്ഥാനാര്‍ഥി എന്നതായിരുന്നു ആ കൗതുകം. അനായാസമായി മലയാളം പറഞ്ഞ് വോട്ട് ചോദിച്ച മുണ്മി വോട്ടേഴ്സിന്റെ മനം കവര്‍ന്നു. എട്ടുവര്‍ഷം മുമ്പാണ് ഷാജിയുമായുളള പ്രണയ വിവാഹത്തെ തുടര്‍ന്ന് മുണ്മി ഇരിട്ടിയിലെത്തിയത്. ദമ്പതികള്‍ക്ക് രണ്ടുപെണ്‍മക്കളുണ്ട്. മുണ്മിയെ കുറിച്ചുളള മാതൃഭൂമി വാര്‍ത്ത ശ്രദ്ധയില്‍ പെട്ട സുരേഷ് ഗോപി ഇവര്‍ക്ക് വീടുവെച്ചുനല്‍കാന്‍ മുന്നോട്ടുവരികയായിരുന്നു.