അന്തർസംസ്ഥാന ബസുകളുടെ ഓട്ടം അനിശ്ചിതത്വത്തില്‍; പരീക്ഷണമായി ബസിനു പകരം ടെമ്പോ ട്രാവലര്‍

By | Thursday September 24th, 2020

SHARE NEWS

 

യാത്രക്കാരുടെ കുറവും കനത്ത നികുതിയും കാരണം സർവീസ് പുനരാരംഭിക്കാനാവാതെ അന്തസ്സംസ്ഥാന ബസുകൾ. കേരളത്തിൽനിന്ന് ദിവസേന നൂറിലേറെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന ബെംഗളൂരു റൂട്ടിലേക്ക് ചില കമ്പനികൾ ടെമ്പോ ട്രാവലർ സർവീസ് തുടങ്ങിയിരിക്കുകയാണ്.

കണ്ണൂരിൽനിന്നും തലശ്ശേരിയിൽനിന്നും ചില ബസ് കമ്പനികൾ പരീക്ഷണാർഥം ഇങ്ങനെ സർവീസ് തുടങ്ങി. 12 പേർക്കിരിക്കാവുന്ന ബസിൽ ഏഴും എട്ടും പേർ മാത്രമാണ് യാത്രചെയ്യാനുള്ളത്. കണ്ണൂരിൽനിന്ന് ബസിന് ഓർഡിനറിയിൽ 600 രൂപയാണ് ടിക്കറ്റ് നിരക്കെങ്കിൽ ട്രാവലറിൽ 1200 രൂപയാണ് വാങ്ങുന്നത്.

ഇപ്പോഴത്തെ നിലയിൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്ക് സംസ്ഥാനാന്തര സർവീസ് നടത്താനാവാത്ത സ്ഥിതിയാണ്. കേരളത്തിൽനിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ ഉള്ള ബസിന് മൂന്നുമാസത്തേക്ക് മൂന്നുലക്ഷം രൂപയാണ് നികുതിയിനത്തിൽ അടയ്ക്കേണ്ടത്. ബസ്സിന് എല്ലാദിവസവും സർവീസ് നടത്താനാവുമെന്ന് ഉറപ്പില്ലാത്തതിനാൽ മുൻകൂർ നികുതിയടയ്ക്കുന്നതെങ്ങനെയെന്നതാണ് പ്രശ്നം.

കൺടെയ്ൻമെന്റ് സോണുകളിൽ ബസിന്റെ ഓഫീസും ബുക്കിങ് സെന്ററുകളും പ്രവർത്തിക്കാനാവില്ലെന്നതാണ് ഒരു പ്രശ്നം. മുഴുവൻ സീറ്റിലും ആളില്ലാതെ സർവീസ് നടത്തിയാൽ വൻ നഷ്ടമാകുമെന്നതിനാൽ നികുതിയടച്ച് ബസ് സർവീസ് പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് ഉടമകളുടെ നിലപാട്.

കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും സർവീസ് നടത്തുന്ന നാനൂറിലേറെ ബസുകളാണ് ആറുമാസത്തിലേറെയായി വെറുതെ കിടക്കുന്നത്. ബസുകൾ നിർത്തിയിടുന്നതിന് സ്ഥലവാടകയായി 200-250 രൂപ വരെ നൽകേണ്ട ദുസ്ഥിതിയുമുണ്ടെന്ന് ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.ജെ.റിജാസ് പറഞ്ഞു.

രണ്ടായിരത്തോളം തൊഴിലാളികൾ പൂർണമായും തൊഴിൽരഹിതരായിരിക്കുകയാണ്. ബസ് വെറുതെയിട്ടാൽ ബാറ്ററി നശിക്കുമെന്നതിനാലും തൊഴിലാളികൾക്ക് ചെറിയ തോതിലെങ്കിലും ജോലി നൽകുന്നതിനുമായി ബസുകൾ സംസ്ഥാനത്തിനകത്ത് ദീർഘദൂര സർവീസ് തുടങ്ങിയെങ്കിലും പരാജയമാണ്. 15-20 ശതമാനം സീറ്റിന് മാത്രമാണ് യാത്രക്കാർ.

മിക്കവാറും ബസുകൾ ബാങ്ക് വായ്പയെടുത്ത് വാങ്ങിയതാണ്. രണ്ടുലക്ഷം രൂപയോളമാണ് പ്രതിമാസ അടവ്. ആറുമാസമായി അടവ് മുടങ്ങി. മൊറട്ടോറിയമുണ്ടെങ്കിലും പലിശയിളവില്ലാത്തതിനാൽ ഭാവിയിൽ വലിയ ഭാരമാണുണ്ടാവുക. വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യമാണ് -ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പറഞ്ഞു.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read