സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 32 -മത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് പ്രശസ്ത അന്തർ ദേശീയ വോളീബോൾ താരം മിനിമോൾ എബ്രഹാം അർഹയായി. 25000 രൂപയും ഫലകവുമാണ് അവാർഡ്. ജോസ് ജോർജ് ചെയർമാനും അഞ്ചു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, ദേവപ്രസാദ്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം ഇന്ത്യൻ വോളീബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മിനിമോളെ 2020 ലെ അവാർഡിനായി തിരഞ്ഞെടുത്തത്. 2010 ഗാങ്ഷൂ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മിനിമോൾ 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നായിക ആയിരുന്നു. 2019 ൽ രാജ്യത്തെ മികച്ച വോളീബോൾ താരത്തിനുള്ള ഉദയകുമാർ അവാർഡിനും താരം അർഹയായിട്ടുണ്ട്.
2004 ൽ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതോടെയാണ് മിനിമോൾ വോളീബോൾ രംഗത്ത് ശ്രദ്ധയാകർഷിച്ചത് . 2009, 2011, 2013, 2019 വർഷങ്ങളിൽ നടന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്.
2013 ൽ ഒളിമ്പിക്സ് യോഗ്യതാ റൌണ്ട് മത്സരങ്ങളിലും ടീമിന്റെ ക്യാപ്റ്റയായിരുന്നു മിനിമോൾ
2006 -07 മുതൽ 2019-20 വരെ 11 ദേശീയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ള മിനിമോൾ 8 സ്വർണ്ണവും 3 വെള്ളിയും നേടിയിട്ടുണ്ട്. 2007, 2011 ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഫെഡറേഷൻ കപ്പിലെ നേട്ടം 3 സ്വർണ്ണവും, 2 വെള്ളിയും . 2017,2018 വർഷങ്ങളിൽ മികച്ച യൂണിവേഴ്സൽ പ്ലെയറിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. പേരാവൂരിന് അടുത്ത ചുങ്കക്കുന്ന് സ്വദേശിനിയായ മിനി 2003 മുതൽ 2007 വരെ തലശ്ശേരി സായി സെന്ററിലെ ട്രെയിനിയായിരുന്ന മിനിമോൾ ഇപ്പോൾ ദക്ഷിണ റെയിൽവെയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ്. ഭർത്താവ് :ഇ.ജെ ജോബിൻ, മകൾ :ജോന.