ലാൻഡ്‌ഫോൺ ഉപേക്ഷിച്ചവരുടെ ഡിപ്പോസിറ്റ്: തിരിച്ചു കൊടുക്കാനുള്ളത് രണ്ടുകോടിയിലേറെ

By | Monday February 17th, 2020

SHARE NEWS

തൃശ്ശൂർ:ബി.എസ്.എൻ.എലിന്റെ ലാൻഡ് ഫോണുകൾ വേണ്ടെന്ന് വെച്ചവർക്ക് ഡിപ്പോസിറ്റ് തുകയിനത്തിൽ കേരളത്തിൽ മാത്രം കൊടുക്കാനുള്ളത് രണ്ടു കോടി രൂപക്ക് മേലെയെന്ന് അനൗദ്യോഗിക കണക്ക്. കേടായ ഫോണുകൾ നന്നാക്കാതിരിക്കുമ്പോൾ കണക്ഷൻ വേണ്ടെന്ന് എഴുതിക്കൊടുത്തവർ ഡിപ്പോസിറ്റ് തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി ബി.എസ്.എൻ.എൽ. ഓഫീസുകളിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്.

ഉപഭോക്തൃ തർക്ക പരിഹാര ഫോറം, കോടതികൾ തുടങ്ങിയവയിലൂടെ വിധി നേടിയ ചുരുക്കം പേർക്ക് കുറേ നാൾ മുമ്പ് തുക മടക്കി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ഉത്തരവുമായി വരുന്നവർക്കും പണം നൽകാനാവുന്നില്ല. കമ്പനി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡിപ്പോസിറ്റ് തിരിച്ചു കൊടുക്കാത്തതിന്റെ കാരണമായി അധികൃതർ പറയുന്നത്.

10 വർഷം മുമ്പ് വരെ ഡിപ്പോസിറ്റ് തുക 2000 രൂപയായിരുന്നു. പിന്നീട് ഇത് 500 രൂപയാക്കി കുറച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ലാൻഡ്ഫോൺ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടിയത്. കണക്ഷൻ വേണ്ടെന്നു പറഞ്ഞവരോട് വെള്ളപ്പേപ്പറിൽ അപേക്ഷ വാങ്ങുകയായിരുന്നു. ഈ അപേക്ഷയിൽ ഡിപ്പോസിറ്റ് തുക ക്രെഡിറ്റ് ചെയ്യേണ്ട ബാങ്ക് അക്കൗണ്ട് നമ്പർ കാണിക്കണമെന്ന് ജീവനക്കാർ വരിക്കാരോട് പറയുകയും ചെയ്തിരുന്നു. ഇങ്ങനെ വാങ്ങുന്ന അപേക്ഷകളിൽ ആദ്യം പരിശോധിക്കുക ബിൽ കുടിശ്ശിക എത്രയുണ്ടെന്നാണ്. അപേക്ഷ കൊടുക്കുന്നതിന് മുമ്പ് ഫോൺ കേടായിട്ടുണ്ടെങ്കിലും ആ കാലയളവിലെ വാടക കുടിശ്ശികയായി കണക്കാക്കും.

2000 രൂപ ഡിപ്പോസിറ്റ് അടച്ചവർക്കാണ് കുടിശ്ശിക തട്ടിക്കിഴിക്കുമ്പോഴും പണം കിട്ടാനുള്ളത്. ചെറിയ തുകകൾ ആണെങ്കിൽ പോലും ലക്ഷക്കണക്കിന് വരിക്കാർക്ക് കൊടുക്കാനുള്ള തുക ചേരുമ്പോഴാണ് രണ്ടു കോടിക്കു മേൽ എത്തുന്നത്.

കേരളത്തിൽ 2013-ൽ ഉണ്ടായിരുന്നത് 30 ലക്ഷം ലാൻഡ്ഫോണുകളായിരുന്നു. ഇപ്പോഴുള്ളത് 16 ലക്ഷം. ഏഴ് വർഷം കൊണ്ട് കുറഞ്ഞത് 14 ലക്ഷം. 2012-ൽ രാജ്യത്ത് ഉണ്ടായിരുന്ന 3.2 കോടി ലാൻഡ്ഫോൺ വരിക്കാരുടെ എണ്ണം ഏറ്റവും അവസാനം പുറത്തു വന്ന ട്രായ് റിപ്പോർട്ട് പ്രകാരം 2.1 കോടിയിലെത്തി

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read