കേളകം: മലയോര മേഖലകളിലെ മാവോവാദി ഭീഷണി നേരിടുന്ന പോളിങ് ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കാൻ പോലീസ് നിർദേശം. ഇരിട്ടി പോലീസ് സബ്ഡിവിഷൻ പരിധിയിൽ മാവോവാദി ഭീഷണി നേരിടുന്ന 34 ബൂത്തുകളുണ്ടെന്ന് പോലീസ് പറയുന്നു.
ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നാല്, ഉളിക്കൽ രണ്ട്, ആറളം നാല്, കരിക്കോട്ടക്കരി 10, പേരാവൂർ നാല്, കേളകം 10 ഉം വീതം പോളിങ് ബൂത്തുകളാണ് ഭീഷണി നേരിടുന്നത്. ഈ ബൂത്തുകളിൽ പോലീസ് സുരക്ഷയ്ക്ക് പുറമേ തണ്ടർ ബോൾട്ട് നിരീക്ഷണവും ഏർപ്പെടുത്തും.
ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിലുള്ള പല പ്രദേശങ്ങളിലും മുൻപ് ഭീഷണി നിലനിന്നിരുവെങ്കിലും കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നിരവധി തവണയാണ് മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.
രണ്ടുവർഷത്തിനിടയിൽ രണ്ടുതവണയാണ് കൊട്ടിയൂർ അമ്പായത്തോട് മാവോവാദികളെത്തി സായുധപ്രകടനം നടത്തിയത്. 2018, 2019 വർഷങ്ങളിൽ ഡിസംബർ മാസത്തിലാണ് അമ്പായത്തോട് സായുധപ്രകടനം നടന്നത്. അടക്കാത്തോട് രാമച്ചി കോളനിയിൽ അഞ്ചിലധികം തവണയും അടക്കാത്തോട് ശാന്തിഗിരി, പാൽച്ചുരം കോളനി, കോളയാട് ചെക്യേരി കോളനി തുടങ്ങിയ സ്ഥലങ്ങളിലും രണ്ടുവർഷത്തിനിടെ മാവോവാദിസാന്നിധ്യം റിപ്പോർട്ട് ചെയ്തു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ ഡിസംബർ 14-ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മാവോവാദി ഭീഷണി നേരിടുന്ന പോളിങ് ബൂത്തുകളിൽ കർശനസുരക്ഷ ഒരുക്കാൻ അധികൃതർ നിർദേശം നൽകിയത്.
കഴിഞ്ഞദിവസം കണ്ണവം വനമേഖയോട് ചേർന്ന ബൂത്തുകളിലടക്കം ഉന്നത പോലീസ് സംഘം സന്ദർശനം നടത്തിയിരുന്നു. ഉത്തരമേഖല ഐ.ജി. അശോക് യാദവിന്റെ നേതൃത്വത്തിൽ ഡി.ഐ.ജി. കെ. സേതുരാമൻ, എസ്.പി. യതീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
വരും ദിവസങ്ങളിൽ മലയോരത്തെ കൂടുതൽ ബൂത്തുകളിലും ഉന്നതസംഘം സന്ദർശനം നടത്തുമെന്ന് പോലീസ് പറഞ്ഞു. വയനാട്ടിൽ മാവോവാദികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ വയനാടുമായി അതിർത്തി പങ്കിടുന്ന ആറളം, കൊട്ടിയൂർ വനമേഖലകളിലടക്കം തണ്ടർബോൾട്ട് നിരീക്ഷണവും പരിശോധനകളും തുടരുകയാണ്.