
കൊട്ടിയൂർ : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക്
മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ” ഒരുക്കം 2021 ” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ വിചക്ഷണനും കൗൺസിലറും വിബ്ജിയോർ അക്കാദമി ഡയറക്ടറുമായ ജെയിംസ് കെ.എ ആണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നൽകിയത്. പഠനത്തിൽ ഏകാഗ്രത നിലനിറുത്തുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും അനാവശ്യ ഉത്കണ്ഠ അകറ്റുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനുമുള്ള പരിശീലനവും ക്ലാസ്സിലൂടെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് ബാച്ചായിട്ടാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. സ്കൂളിൽ നടത്തി വരുന്ന തീവ്രമായ പരിശീലനവും ഓൺലൈൻ കൗൺസിലിംങ്ങും മോട്ടിവേഷൻ ക്ലാസ്സുകളും മാതൃക പരീക്ഷകളും യാതൊരു ആശങ്കയുമില്ലാതെ പരീക്ഷയെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുമെന്ന് പ്രധാനാധ്യാപകൻ്റെ ചാർജ് വഹിക്കുന്ന ലാലി ജോസഫ് ഉദ്ഘാടന സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.മാർച്ച് 17 മുതൽ 30 വരെയാണ് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ.