മോട്ടോര്‍ വാഹന വകുപ്പിലെ അനാരോഗ്യ പ്രവണതകള്‍ പരിഹരിച്ചു: മുഖ്യമന്ത്രി

By | Tuesday September 29th, 2020

SHARE NEWS

പയ്യന്നൂര്‍ ആര്‍ ടി ഓഫീസ് ഉദ്ഘാടനം ചെയ്തു
മോട്ടോര്‍ വാഹന വകുപ്പില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം വെള്ളൂരില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോര്‍ വാഹന വകുപ്പിനുണ്ടായിരുന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ 4 വര്‍ഷത്തെ ശ്രമഫലമായി സാധിച്ചു. എങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവയെ സൂക്ഷ്മമായി നിരീക്ഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ആര്‍ ടി ഓഫീസ് തുറന്നതോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കെ എല്‍ 86 നമ്പര്‍ പയ്യന്നൂരിന് സ്വന്തമായി. ദേശീയ പാതയില്‍ വെള്ളൂര്‍ പോസ്റ്റ് ഓഫീസിന് സമീപം എച്ച് ആര്‍ പ്ലാസ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ഓഫീസ്. ചെറുപുഴ റോഡില്‍ ഏച്ചിലാം വയലില്‍ ഡ്രൈവിങ്ങ് ടെസ്റ്റിനും മറ്റുമായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സ്, പെര്‍മിറ്റ്, ടാക്‌സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. ഇതോടെ കണ്ണൂര്‍ ആര്‍ ടി ഓഫീസിന് കീഴിലുള്ള പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, മാടായി എന്നീ വില്ലേജുകളും തളിപ്പറമ്പ് സബ്ആര്‍ ടി ഓഫീസിന് കീഴിലുള്ള കരിവെള്ളൂര്‍, വെള്ളൂര്‍, രാമന്തളി, കോറോം, പുളിങ്ങോം, തിരുമേനി, പെരിങ്ങോം, വയക്കര, പെരിന്തട്ട, ആലപ്പടമ്പ, കാങ്കോല്‍, പെരളം, വെള്ളോറ, കുറ്റൂര്‍, എരമം, പയ്യന്നൂര്‍ എന്നീ വില്ലേജുകളും പയ്യന്നൂര്‍ ആര്‍ ടി ഓഫീസിന് കീഴിലാകും.
എല്ലാ താലൂക്കുകളിലും സബ് ആര്‍ ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാലിടങ്ങളിലാണ് സബ് ആര്‍ ടി ഓഫീസുകള്‍ തുറന്നത്. കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കൊല്ലം ജില്ലയിലെ ചടയമംഗലം, പത്തനാപുരം എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റ് ഓഫീസുകള്‍. ഇതോടെ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള സബ് ആര്‍ ടി ഓഫീസുകളുടെ എണ്ണം 67 ആയി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 12 സബ് ആര്‍ ടി ഓഫീസുകളാണ് പുതുതായി അനുവദിച്ചത്. കൊണ്ടോട്ടിയിലേത് കൂടി പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സബ് ആര്‍ ടി ഓഫീസുകളാകും.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷനായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍, വിവിധയിടങ്ങളിലായി എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായി.
പയ്യന്നൂരില്‍ സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. നഗരസഭാധ്യക്ഷന്‍ അഡ്വ.ശശി വട്ടക്കൊവ്വല്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ടി പി നൂറുദ്ദീന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിവി പ്രീത ,പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി സത്യഭാമ, പി ഉഷ, എം കെ രാഘവന്‍, കണ്ണൂര്‍ ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍, പയ്യന്നൂര്‍ ജോ. ആര്‍ ടി ഒ ടി പി പ്രദീപ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read