
എടൂർ: കഴിഞ്ഞ നാലര വർഷം റബ്ബറിന് ഒരു പൈസ പോലും കൂട്ടി നൽകാത്ത പിണറായി വിജയൻ സർക്കാരിൻ്റെ ബഡ്ജറ്റ് വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ട് മാത്രമാണെന്ന് കെ.പി.പി.സി.ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കുമാരി ലിൻഡ ജെയിംസിൻ്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി എടൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നാലു ബഡ്ജറ്റുകളിലും കർഷകരെ പറഞ്ഞു പറ്റിച്ച ഇടതു സർക്കാരിൻ്റെ പുതിയ വാഗ്ദാനപ്പെരുമഴയെ കർഷകർ അവഞ്ജയോടെയാണ് കാണുന്നത്. കാർഷിക മേഖലയിലെ എല്ലാ വിഷയങ്ങളിലും പ്രതികാര ബുദ്ധിയോടെ സമീപിച്ച ഇടതുസർക്കാർ ആട്ടിൻ തോലണിഞ്ഞ ചെന്നായിയാണെന്ന കാര്യം മലയോര ജനത തിരിച്ചറിഞ്ഞെന്നും സജീവ് ജോസഫ് പറഞ്ഞു.
പി. ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ഫിലിപ്പ്, തോമസ് വർഗ്ഗീസ്, അരവിന്ദൻ , സി.വി. ജോസഫ്, ലിൻഡ ജെയിംസ് പ്രസംഗിച്ചു.