പേ വിഷബാധയ്‌ക്കെതിരെ ജാഗ്രത വേണം: ഡിഎംഒ ; ഇന്ന് ലോക റാബീസ് ദിനം

By | Sunday September 27th, 2020

SHARE NEWS
കണ്ണുർ: പേവിഷ ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ. കെ നാരായണ നായ്ക് ലോക റാബീസ് ദിന സന്ദേശത്തില്‍ അറിയിച്ചു.
സഹകരിക്കൂ, പ്രതിരോധ കുത്തിവെപ്പ് നല്‍കൂ, പേവിഷബാധ അവസാനിപ്പിക്കൂ എന്നതാണ് ഈ വര്‍ഷത്തെ  റാബീസ് ദിന സന്ദേശം.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായ  പേ വിഷബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കുകയും എന്‍സഫലൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കി മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത് . പന്നി, കീരി, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍, കഴുത, കുതിര എന്നീ മൃങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളെയും  വന്യമൃഗങ്ങളെയും  ഒരേപോലെ രോഗം ബാധിക്കാം.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കണ്ടേക്കാവുന്ന വൈറസുകള്‍ മൃഗങ്ങളുടെ കടിക്കുകയോ മാന്തുകയോ ചെയ്യുമ്പോഴുണ്ടാവുന്ന മുറിവിലൂടെ ശരീര പേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളില്‍ എത്തി കേന്ദ്രനാഡീ വ്യൂഹത്തില്‍കൂടി സഞ്ചരിച്ച് സുഷുമ്‌നാ നാഡിയെയെയും തലച്ചോറിനെയും ബാധിക്കുന്നു. കേന്ദ്രനാഡീ വ്യൂഹത്തില്‍ വൈറസ് എത്താന്‍ എടുക്കുന്ന അത്രയും സമയ ദൈര്‍ഘ്യം മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ എടുക്കുകയുളളൂ. എന്നാല്‍ അസാധരണമായി ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ എടുക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പാണ്.
ചികിത്സയില്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം.
വളര്‍ത്തുമൃഗങ്ങളുടെയും മറ്റു മൃഗങ്ങളുടെയും കടിയേല്‍ക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. കടിയേറ്റാല്‍ ആ ഭാഗം വെളളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണം. അതിനുശേഷം  വൃത്തിയുളള തുണിയോ പഞ്ഞിയോ ഉപയോഗിച്ച് തുടയ്ക്കണം. ഉടന്‍തന്നെ ഒരു ഡോക്ടറുടെ സേവനം തേടണം.
പേ വിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേല്‍ക്കുകയോ അവയില്‍ നിന്ന് പോറലേല്‍ക്കുകയോ നേരിട്ട് ഇവയുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്തിട്ടുെണ്ടങ്കില്‍ നിര്‍ബന്ധമായും ആന്റി റാബീസ് വാക്‌സിനേഷന്‍ (എആര്‍വി) എടുക്കേണ്ടതാണ്. ഈ കുത്തിവെപ്പ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്നതാണെന്നും ഡിഎംഒ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read