മണ്ണിര ചത്തൊടുങ്ങുന്നു, കൃഷിയിടങ്ങളും തോടുകളും വിണ്ടുകീറുന്നു; ചൂട് അതികഠിനമാകുന്നു

By | Thursday April 8th, 2021

SHARE NEWS

പനമരം∙ വർഷാരംഭത്തിൽ കൂടിത്തുടങ്ങിയ ചൂട് ജില്ലയിൽ അതികഠിനമാകുന്നു. ചില സ്ഥലങ്ങളിൽ വേനൽമഴ ചെറിയ തോതിൽ ലഭിച്ചെങ്കിലും ചൂട് കൂടുകയാണ്. ഇന്നലെ മധ്യ വയനാട്ടിൽ 33.5 ഡിഗ്രി വരെ ചൂട് ഉയർന്നു. ചിലയിടത്ത് 34 ഡിഗ്രിക്കു മുകളിലെത്തിയതായി പറയുന്നു. പലയിടങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി ചൂടു കൂടുതലാണ്. കടുത്ത ചൂടിൽ ജലാശയങ്ങളിലും കിണറുകളിലും ജലനിരപ്പ് ദിവസമെന്നോണം കുറയുകയാണ്. കുളങ്ങൾ പകുതിയിലേറെയും വറ്റിവരണ്ട് വിണ്ടു കീറി. മുൻപ് രണ്ടും മുന്നും കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങൾ പോലും വരൾച്ചയുടെ ആരംഭത്തിലെ തന്നെ വരണ്ട് വിണ്ടുകീറിയ നിലയിലാണ്.

വേനൽ കടുത്തതോടെ പനമരം പഞ്ചായത്തിൽ വെളളം വറ്റി വിണ്ടുകീറിയ കുളം
ജില്ലയിൽ വരൾച്ച കനക്കുന്നതിന്റെ സൂചന ആദ്യം നൽകുന്നത് പനമരം, പൂതാടി, പുൽപള്ളി, മുള്ളൻക്കൊല്ലി പഞ്ചായത്തുകളാണ്. കനത്തമഴ കഴിഞ്ഞ് വരൾച്ച ആരംഭിക്കുന്നതിന് മുന്നോടിയായി മണ്ണിര ചത്തൊടുങ്ങുന്നതും വയലുകളും കൃഷിയിടങ്ങളും തോടുകളും വിണ്ടുകീറി നെല്ല്, കാപ്പി അടക്കമുള്ള കൃഷികൾ കരിഞ്ഞുണങ്ങുന്നതും ഈ പ്രദേശങ്ങളുടെ പ്രത്യേകതയാണ്. വേനൽ മഴയിൽ ആവശ്യത്തിന് വെള്ളവും ലഭിക്കുമെന്ന പ്രതീക്ഷയിൽ നെൽക്കൃഷി ഇറക്കിയവർ ജലക്ഷാമം മൂലം ദുരിതത്തിലായി.
പല തോടുകളിലും നീരൊഴുക്ക് നിലച്ചു. ചെറുതോടുകളും സ്വകാര്യ കുളങ്ങളും വറ്റി വയലുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചതാണ് പാടങ്ങൾ വിണ്ടു കീറാൻ പ്രധാനകാരണം സംസ്ഥാന ശരാശരിയെക്കാൾ ചൂട് കുറവാണെന്ന പ്രത്യേകത ജില്ലയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഓരോ വർഷം കഴിയുംതോറും ചൂട് വർധിക്കുകയാണ്. വരൾച്ചാ മുന്നറിയിപ്പുകൾ സർക്കാരോ ത്രിതല പഞ്ചായത്തുകളോ ഗൗരവതരമായി കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ഇപ്പോഴും പ്രാധാന്യം നൽകുന്നില്ല. വർഷം തോറും ജില്ലയിൽ ചൂട് ഉയരുന്നതും കാലാവസ്‌ഥാ വ്യതിയാനവും ആശങ്കയോടെയാണ് കാലാവസ്ഥാ വിദഗ്ധർ അടക്കമുള്ളവർ കാണുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read