തീപിടിച്ചാല്‍ തീര്‍ന്നതുതന്നെ ; എങ്ങും അഗ്നിസുരക്ഷയില്ലാത്ത കെട്ടിടങ്ങള്‍

By പി ലിബീഷ് കുമാര്‍ | Tuesday February 18th, 2020

SHARE NEWS

കണ്ണൂർ : കെട്ടിടങ്ങൾക്ക് തീപിടിച്ചാൽ സ്ഥിതി ഭയാനകമാണ്. തീ പടർന്നാൽ ഇറങ്ങിയോടാൻപോലും ഇടമില്ലാത്തവ ജില്ലയിലുണ്ട്. ഓടിക്കിതച്ച് എത്തുന്ന അഗ്നിരക്ഷാസേനയ്ക്ക് ഉള്ളിൽ കയറാൻ സൗകര്യമില്ലത്ത കെട്ടിടങ്ങൾ നിരവധി. തീ കെടുത്താൻ നഗരങ്ങളിലുള്ള ജല പോയിന്റുകളിൽ ഒരിറ്റ്‌ വെള്ളമില്ല. കണ്ണൂർ നഗരത്തിൽ മാത്രം 20 ഫ്ളാറ്റുകൾ അഗ്നിരക്ഷാനിലയത്തിന്റെ എൻ.ഒ.സി. (എതിർപ്പില്ലാ രേഖ) പുതുക്കിയില്ല. നഗരത്തിലെ മൂന്ന് മാളുകളും അഞ്ച് സിനിമാ തിയേറ്ററുകളും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്.

അഗ്നിസുരക്ഷയില്ലാത്ത 13 കെട്ടിടങ്ങൾക്ക് കണ്ണൂർ ഓഫീസ് നോട്ടീസ് നൽകി. ഇത്‌ സൂചിപ്പിക്കുന്നത് ഇത്തരം കെട്ടിടങ്ങളിലെ അഗ്നിസുരക്ഷ ഒരു ’ഷോ’ മാത്രമാണ് എന്നതാണ്. കെട്ടിടനിർമാണസമയത്ത്‌ പേരിന് മാത്രം ഉപകരണങ്ങൾ സ്ഥാപിക്കുന്ന ഉടമകളുണ്ട്. വെള്ളമില്ലാതെ തുരുമ്പെടുക്കുന്ന പൈപ്പുകളും വാൾവുകളും പലയിടത്തും കാണാം. എന്നിട്ടും ഇവ പ്രവർത്തിക്കുന്നതെങ്ങനെ? അപകടം വരട്ടെ, അപ്പോഴല്ലേ എന്ന കാഴ്ചപ്പാടാണവർക്ക്. ആരാണ് ഉത്തരവാദികൾ. കെട്ടിട ഉടമകളോ അധികൃതരോ? ഒരു അന്വേഷണം…

മാളുകൾ, സിനിമാശാലകൾ

ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന കണ്ണൂരിലെ മൂന്ന് മാളുകൾ എതിർപ്പില്ലാരേഖ പുതുക്കിയിട്ടില്ല. കണ്ണൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് കിട്ടിയ വിവരാവകാശ രേഖപ്രകാരം ഇവിടെ അഗ്നിരക്ഷാ ഉപകരണം പ്രവർത്തിക്കുന്നില്ല. തീ വന്നാൽ തീർന്നുവെന്നർഥം. കണ്ണൂർ നഗരപരിധിയിലെ 20 ഫ്ളാറ്റുകളിൽ ആളുകൾ ജീവിക്കുന്നത് അഗ്നിസുരക്ഷയില്ലാതെയാണെന്ന് ഓർക്കണം. സിനിമ കാണാൻ കയറുന്ന അഞ്ച് തിയേറ്ററുകളിൽ അഗ്നിസുരക്ഷയില്ലെന്ന് രേഖകൾ പറയുന്നു. 13 കെട്ടിടങ്ങൾക്കാണ് തീപിടിത്ത സുരക്ഷാ ഉപകരണങ്ങളും സംവിധാനവും ഒരുക്കാൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. ഭംഗിയായി പെയിന്റടിച്ചുവെച്ച അഗ്നിശമന ഉപാധികളിൽ വെള്ളംനിറയ്ക്കാൻപോലും ചില സ്ഥാപനങ്ങൾ മുതിരുന്നില്ല.

കൂത്തുപറമ്പ് അഗ്നിരക്ഷാനിലയം 82 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്. എൻ.ഒ.സി. പുതുക്കാത്ത 10 കെട്ടിടങ്ങളുണ്ട്. ഒരു സിനിമാശാലയ്ക്കും നോട്ടീസ് നൽകി. പാനൂരിൽ 34 സ്ഥാപനങ്ങൾക്കും തളിപ്പറമ്പിൽ 123 കെട്ടിടങ്ങൾക്കും ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. 44 കെട്ടിടങ്ങൾ എൻ.ഒ.സി. പുതുക്കിയില്ല. തലശ്ശേരിയിൽ 103 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്. എൻ.ഒ.സി. പുതുക്കാതിരിക്കുന്നത് 26 സ്ഥാപനങ്ങളാണ്. തലശ്ശേരിയിൽ ഒരു മാളും രണ്ട് സിനിമാ തിയേറ്ററുകളും ഇതിൽപ്പെടും. പയ്യന്നൂരിൽ 225 കെട്ടിങ്ങൾക്കാണ് നോട്ടീസ് നൽകിയത്. 45 സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കിയിട്ടില്ല. ഒരു മാളിനും ഏഴ് സിനിമാ തിയേറ്ററുകളും എൻ.ഒ.സി. പുതുക്കിയിട്ടില്ല.

കെട്ടിടനമ്പർ ലഭിക്കാനാണ് ഫയർ എൻ.ഒ.സി. വേണ്ടത്. അനുമതി ലഭിച്ചുകഴിഞ്ഞ് കെട്ടിടനമ്പറും കിട്ടിയാൽ പിന്നീട് നടക്കുന്നതെല്ലാം കെട്ടിടയുടമയുടെ ഇഷ്ടപ്രകാരമാണ്. തീ പടർന്നാൽ പിന്നെ രക്ഷയില്ല. അഗ്നിബാധ തുടക്കത്തിൽത്തന്നെ കണ്ടെത്തി നിയന്ത്രിക്കാനും ശമിപ്പിക്കാനുമുള്ള ഉപകരണങ്ങൾ (ഫിക്‌സഡ് ഫയർ ഫൈറ്റിങ് ഇൻസ്റ്റലേഷൻസ്) പലയിടത്തും ഇല്ലെന്ന് ഓഫീസർമാർ സാക്ഷ്യപ്പെടുത്തുന്നു.

തീ നടുക്കം

2019 നവംബറിൽ കണ്ണൂരിലെ വസ്ത്രാലയത്തിലും കൊട്ടിയൂർ നീണ്ടുനോക്കി ടൗണിലെ നാല്‌ കടകളിലും വൻ തീപ്പിടിത്തമുണ്ടായി. 2018 സെപ്റ്റംബറിൽ ചക്കരക്കല്ലിലെ പ്ലാസ്റ്റിക് സാധനങ്ങൾ വില്ക്കുന്ന കടയിലെ തീ വാനോളം ഉയർന്നിരുന്നു.

2019 മെയിൽ വളപട്ടണത്തെ ആക്രിക്കടയിലും 2017-ൽ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലും വൻ തീപ്പിടിത്തമുണ്ടായി. കണ്ണൂർ റെയിൽവേ സ്റ്റേഷന്‌ സമീപം 2016-ലുണ്ടായ തീപിടിത്തത്തിൽ ആറ്‌ കടകളിലാണ് തീ പടർന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read