ലോകമുലയൂട്ടല്‍ വാരാചരണത്തിന് തുടക്കമായി

By | Saturday August 1st, 2020

SHARE NEWS

 

ലോകമുലയൂട്ടല്‍ വാരാചരണത്തിന് തുടക്കമായി
ലോക മുലയൂട്ടല്‍ വാരാചരണം ആരംഭിച്ചു. ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെയാണ് ലോകാരോഗ്യ സംഘടന, യൂണിസെഫ് എന്നിവയുടെ സഹകരണത്തോടെ ലോക മുലയൂട്ടല്‍ വാരാചരണം ആഘോഷിക്കുന്നത്. ‘ആരോഗ്യമുള്ള ലോകത്തിനായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനു പുറമെ കുഞ്ഞിന്റെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനും, ബൗദ്ധിക വികാസത്തിനും അത്യന്താപേക്ഷിതമാണ്. രാജ്യത്തെ എല്ലാ അമ്മമാരും ശരിയായും കൃത്യമായും തങ്ങളുടെ കുഞ്ഞുങ്ങളെ മുലയൂട്ടിയാല്‍ ഓരോ വര്‍ഷവും രണ്ടര ലക്ഷം കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുഞ്ഞ് ജനിച്ച് ആദ്യത്തെ ഒരു മണിക്കൂര്‍ മുലയൂട്ടലിനെ സംബദ്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. കൊളസ്ട്രം എന്ന ഇളം മഞ്ഞ നിറത്തിലുള്ള ആദ്യത്തെ പാല്‍ പോഷക സമ്പുഷ്ടവും, ദഹന സംവിധാനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നതുമാണ്. ഇതില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ തന്നെ ശിശുവിന്റെ രോഗ പ്രതിരോധ സംവിധാനം പ്രവര്‍ത്തനസജ്ജമാകുന്നതുവരെ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. കൊളസ്ട്രം ആന്റിബോഡികളും പ്രോട്ടീന്‍ അഥവാ മാംസ്യവും നിറഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് കൊളസ്ട്രത്തെ കുഞ്ഞിന്റെ ആദ്യത്തെ വാക്‌സിന്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശപ്രകാരം ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാവൂ. കുഞ്ഞിന്റെ ദാഹം ശമിപ്പിക്കുന്നതിന് ആവശ്യമായ ജലാംശം (88%) മുലപ്പാലില്‍ അടങ്ങിയിരിക്കുന്നു. കുഞ്ഞിന് 2 വയസ്സ് വരെ നിര്‍ബന്ധമായും മുലയൂട്ടേണ്ടതാണ്.
ശിശു മരണം, രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവക്കെതിരെ യുള്ള മികച്ച പ്രതിരോധമാണിത്.
ന്യൂമോണിയ, വയറിളക്കരോഗങ്ങള്‍, കുടല്‍ രോഗങ്ങള്‍, ചെവിയിലെ അണുബാധ, ദന്ത രോഗം എന്നിവയെ ചെറുക്കാനുള്ള കഴിവ് മുലപ്പാലിനുണ്ട്.
ആറു മാസം മുലപ്പാല്‍ മാത്രം കുടിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം, ആസ്മ, അര്‍ബുദം എന്നിവ ബാധിക്കാന്‍ സാധ്യത കുറവാണ്. മുലപ്പാല്‍ അലര്‍ജികളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും കുഞ്ഞിന് സംരക്ഷണം നല്‍കുന്നു. മുലപ്പാല്‍ കുടിക്കുന്ന കൂട്ടികള്‍ക്ക് ബുദ്ധി കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടിയുടെ വൈകാരിക – ശാരീരിക വളര്‍ച്ചക്കും മുലപ്പാല്‍ നിര്‍ണായകമാണ്.
ശരിയായ രീതിയില്‍ മുലയൂട്ടുന്നതിന് അമ്മമാരെ പ്രാപ്തരാക്കുന്നതിന് അമ്മമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിംഗ് നല്‍കുകയും ബോധവത്കര പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് വാരാചരണത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: