ഇരിക്കൂർ : ഗ്രാമീണ റോഡുകൾക്ക് 1.2 കോടി രൂപ അനുവദിച്ച് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 8.35 കോടി വരവും 8.26 കോടി ചെലവും ഒൻപത് ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി അവതരിപ്പിച്ചത്. അതിദരിദ്രർക്ക് വീട് നിർമിക്കുന്നതിന് 80 ലക്ഷം രൂപയും മയ്യിൽ പി.എച്ച്.സി. വികസനത്തിന് 65 ലക്ഷവും ഇരിക്കൂർ താലൂക്ക് ആസ്പത്രി വികസനത്തിന് 65 ലക്ഷവും വകയിരുത്തി. കാർഷിക മേഖലയിൽ പാൽ സബ്‌സിഡി, നെൽകർഷകർക്ക് കൂലി, ഗ്രൂപ്പ് ഫാമിങ്, വി.സി.ബി., ട്രില്ലർ പാത്ത് എന്നിവക്ക് 78 ലക്ഷം രൂപയും അനുവദിച്ചു.
ഉറവിട മാലിന്യ സംസ്കരണത്തിന് ഗ്രാമപ്പഞ്ചായത്തുകൾക്ക് 30 ലക്ഷവും ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് 17 ലക്ഷവും വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് 10 ലക്ഷവും നീക്കിവെച്ചു.
ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ നവീകരണത്തിന് 35 ലക്ഷം, പൈതൃക കെട്ടിടത്തിനും സ്റ്റേജ് പന്തൽ നിർമാണത്തിനും ബ്ലോക്ക് പഞ്ചായത്തിൽ ശൗചാലയ നിർമാണത്തിനുമായി 10 ലക്ഷം, മൊബൈൽ വെറ്ററിനറി ആരംഭിക്കാൻ 10 ലക്ഷം, കനിവ് പദ്ധതിയുടെ ഭാഗമായി 50 ലക്ഷം, യൂണിഫോം സേനകളിലേക്ക് യുവതീയുവാക്കൾക്ക് പരിശീലനം നൽകുന്നതിന് 17 ലക്ഷം, പട്ടികജാതി, പട്ടിക വർഗ കോളനിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 20 ലക്ഷം എന്നിങ്ങനെയും തുക നീക്കിവെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷനായി.
Irikkur block panchayat budget allocates Rs 1.2 crore for rural roads