കണ്ണൂർ: ജില്ലയിൽ അന്തരാഷ്ട്ര സ്പോർട്ട്സിന് ഉതകുന്ന രീതിയിൽ 60 കോടി രൂപ മുടക്കി രണ്ടു മാസത്തിനുള്ളിൽ പുതിയൊരു സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കം കുറിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഏഴോം ഗ്രാമ പഞ്ചായത്തിലെ നെരുവമ്പ്രം ഗവ ടെക്നിക്കൽ ഹൈസ്കൂളിൽ ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക പ്രവർത്തനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇടം എന്ന നിലയിൽ കണ്ണൂരിൽ പുതിയ അന്തരാഷ്ട്ര സ്പോർട്സിന് ഉതകുന്ന രീതിയിൽ സ്റ്റേഡിയം നിർമ്മിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ 60 കോടി രൂപ ചെലവിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റികളുമായി ചേർന്ന് പുതിയ കോഴ്സുകൾ തുടങ്ങുകയാണ്. കോഴിക്കോട് യൂണിവേഴ്സിറ്റിയുമായി ചേർന്ന് കേരള സ്പോർട്സ് ഇൻസ്റ്റിറ്റൂട്ട് ആരംഭിക്കും. അതിൻ്റെ തറക്കല്ലിടൽ ഈ അടുത്ത മാസം നടക്കും.
ഈ ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ പുതിയ പരിശീലകർക്കും കായിക താരങ്ങൾക്കും വേണ്ടി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുവാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു , കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, പി കെ വിശ്വനാഥൻ മാസ്റ്റർ, ഉഷാ പ്രവീൺ, ടി പി സരിത, കെ വി ഗ്രീഷ്മ, സി വി കുഞ്ഞിരാമൻ, കെ ചന്ദ്രൻ, കെ പി മോഹനൻ, വി പരാഗൻ, എ കെ ജയശീലൻ, എം അബ്ദുള്ള, ടി കെ രഞ്ജിത്ത്, കെ വി അശോക് കുമാർ, കെ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തി സ്റ്റെപ്പ് ഗ്യാലറി, സ്റ്റേജ്, ലോഗ് ജമ്പ് പിറ്റ്, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, റിട്ടെയിനിംഗ് വാൾ, ചുറ്റുമതിൽ, ഗേറ്റ്, ഫ്ളെഡ് ലൈറ്റ് എന്നീ സംവിധാനങ്ങൾ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത് .
ചടങ്ങിൽ നെരുവമ്പ്രം ഗവ ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 15000 രൂപ വിദ്യാർഥികൾ മന്ത്രിക്ക് കൈമാറി. ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള അഞ്ച് ലക്ഷം രൂപയും ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മറ്റു അംഗങ്ങളും ചേർന്ന് മന്ത്രിക്ക് കൈമാറി
Inauguration of modern stadium work at Neruvambram