കൊച്ചി : സംവിധായകൻ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്.
നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്. 2009-ൽ നടന്ന സംഭവമായതിനാൽ ഐപിസി 354-ാം വകുപ്പ് (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാനുള്ള ബലപ്രയോഗം) ജാമ്യമില്ലാ കുറ്റമാക്കിയത് 2013-ൽ മാത്രമാണ്.
ആയതിനാലാണ് ഈ വകുപ്പിന്മേൽ ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കാത്തത്. അതുകൊണ്ടുതന്നെ കേസിൽ രഞ്ജിത്തിന് ജാമ്യം ലഭിക്കാവുന്നതാണ്. അതായത് രഞ്ജിത്തിൻ്റെ ജാമ്യത്തിന് കോടതിയുടെ അനുമതി ആവശ്യമില്ല, പോലീസിന് അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാം. ഈ വാദം പ്രോസിക്യൂഷൻ്റെ സബ്മിഷൻ രേഖപ്പെടുത്തിയ ശേഷമാണ് രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി അവസാനിപ്പിക്കുന്നത്. രഞ്ജിത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി വിജയഭാനു ഹാജരായപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറായി ഹൃത്വിക് ഹാജരായി.
Kochi