പെരിന്തൽമണ്ണ : സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്.
അഞ്ച് പേർ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം. സ്കൂട്ടറിൽ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുള്ള സംഘം സ്വർണ്ണം കവർന്നത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികൾ പിടിയിലായെങ്കിലും നഷ്ടപ്പെട്ട സ്വർണം കിട്ടിയിട്ടില്ല.
സ്കൂട്ടർ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വർണ്ണമടങ്ങിയ ബാഗും സ്കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു. നാല് പേരാണ് വാഹനത്തിലുളളതെന്നാണ് ജ്വല്ലറി ഉടമ പറയുന്നത്.
ജ്വല്ലറി മുതൽ തന്നെ കാർ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവർത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പാണ് ആക്രമണമുണ്ടായത്.
arrested