കണ്ണൂർ: കണ്ണൂർ കരിവെള്ളൂർ പലിയേരിക്കൊവ്വലിലെ വനിതാ സിവിൽ പോലീസ് ഓഫീസർ പി.ദിവ്യശ്രീ കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറാതെ കരിവെള്ളൂർ ഗ്രാമം. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ദിവ്യശ്രീയുടെ മരണവാർത്തയറിഞ്ഞ് നിരവധിപേർ പലിയേരികൊവ്വലിലെത്തി.
രണ്ടുവർഷം മുൻപാണ് ദിവ്യശ്രീക്ക് ജോലി കിട്ടിയത്. കൊഴുമ്മൽ കോട്ടൂലിലാണ് ഭർത്താവ് രാജേഷിന്റെ വീട്. നേരത്തേ പെയിന്റിങ്, ഡ്രൈവർ ജോലിചെയ്തിരുന്ന രാജേഷ് അടുത്തകാലത്തായി ജോലിക്ക് പോകാറില്ലായിരുന്നു. ദിവ്യശ്രീയുടെ അമ്മ പാറുവിന്റെ മരണശേഷമാണ് ഡെപ്യൂട്ടേഷനിൽ ചന്തേര പോലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയത്. രണ്ടാഴ്ച മുൻപ് തിരികെ മാങ്ങാട്ടുപറമ്പിലേക്ക് പോകുകയും ചെയ്തു.
സ്വത്ത് സംബന്ധിച്ചും രാജേഷ് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുമായിരുന്നുവെന്ന് പരാതിയുണ്ട്. ഉപദ്രവം തുടർന്നതോടെ ദിവ്യശ്രീ കുടുംബകോടതിയിൽ വിവാഹമോചനത്തിനായി കേസ് കൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച ദിവ്യശ്രീക്ക് ശബരിമല ഡ്യൂട്ടിക്കായി പോകേണ്ടതായിരുന്നു. രാത്രി ഏഴിന് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോ ഏൽപ്പിച്ചിരുന്നു. മകൻ ആഷിഷ് കളിക്കാൻപോയ സമയത്താണ് രാജേഷ് വീട്ടിലെത്തിയത്. ദിവ്യശ്രീയും അച്ഛൻ വാസുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും കൈയിൽ വടിവാളുമായി നിൽക്കുന്ന രാജേഷിനെയാണ് കണ്ടത്. ഗേറ്റിന് സമീപം ദിവ്യശ്രീ വിണു കിടക്കുന്നുണ്ടായിരുന്നു. വെട്ടേറ്റ് പുറത്തേക്ക് ഓടിയ ദിവ്യശ്രീയെ 30 മീറ്റർ അകലെയുള്ള ഗേറ്റിന് സമീപമെത്തിയപ്പോൾ രാജേഷ് വീണ്ടും വെട്ടുകയായിരുന്നു. ഇതിനുശേഷം രാജേഷ് ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
വാസുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. രാജേഷിനെ പിടികൂടാനായി ഉടൻതന്നെ പോലീസ് പരിശോധന നടത്തി. ഫോട്ടോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. രാത്രി എട്ടോടെ പുതിയതെരുവിലെ ബാറിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വളപട്ടണം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നാട്ടുകാർ ദിവ്യശ്രീയെ പയ്യന്നൂരിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപ് വരെ ദിവ്യശ്രീ ചന്തേര പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്തിരുന്നു. കണ്ണൂർ റൂറൽ എസ്.പി. അനുജ് പലിവാൾ, അഡിഷണൽ എസ്.പി. എം.പി.വിനോദ് കുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
kannur