തിരുവനന്തപുരം: ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങൾകൊണ്ട് കൂടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞ് വച്ചത്. കാലം മാറിയതിന് അനുസരിച്ച് പാഠ്യപദ്ധതിയിലെ മാറ്റത്തിൽ തുടങ്ങി രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഇടപെടലുകളിലുണ്ടാകേണ്ട മാറ്റം വരെ പ്രതിപാദിച്ചായിരുന്നു പ്രസംഗം.
Pinarayvijayan