---
title: "മുഖ്യമന്ത്രിയുടെ കനിവ് കാത്ത് ആറളം ഫാമിലെ തൊഴിലാളികൾ."
english_title: "Aralam farm workers are waiting for the Chief Minister's grace."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116472/aralam-farm-workers-are-waiting-for-the-chief-ministers-grace"
published_at: "2023-05-22T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b853bd1239_araklm_fed.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ കനിവ് കാത്ത് ആറളം ഫാമിലെ തൊഴിലാളികൾ.

> **Lead Summary:** **ആറളം ഫാം: ** ആറളംഫാം സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികൾ 7 മാസത്തെ ശമ്പള കുടിശ്ശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ഇന്ന് 50 ദിവസം പിന്നിടുമ്പോഴും അധികാരികൾ ആരുംതന്നെ കണ്ടതായി പോലും നടിക്കുന്നില്ല.

## Article Content

**ആറളം ഫാം: ** ആറളംഫാം സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികൾ 7 മാസത്തെ ശമ്പള കുടിശ്ശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ഇന്ന് 50 ദിവസം പിന്നിടുമ്പോഴും അധികാരികൾ ആരുംതന്നെ കണ്ടതായി പോലും നടിക്കുന്നില്ല.

കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രിയെ തൊഴിലാളി നേതാക്കൾ നേരിൽ കാണുന്നതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് മുഴു പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങൾ. ഫാമിലെ തനതു വരുമാനത്തിൽ നിന്നും ശമ്പളം നൽകണം എന്നതാണ് ഗവണ്മെന്റ് നിലപാടെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തൊഴിലാളികൾ.

വന്യമൃഗങ്ങൾ കൃഷി നശിപ്പച്ച കൃഷിയുടെ നഷ്ടപരിഹാര തുക ലഭിച്ചാൽ കൂടി തങ്ങൾക്കുള്ള ശമ്പളം നൽകാൻ കഴിയുമെന്നാണ് തൊഴിലാളികളുടെ നിലപാട്. ഫാമിന്റെ തനത് വരുമാന മാർഗ്ഗങ്ങളായ തെങ്ങ്, കമുങ്ങ്, കശുമാവ് തുടങ്ങിയവ പൂർണ്ണമായും വന്യമൃഗങ്ങൾ നശിപ്പിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തെ ഭയന്ന് വിളവെടുപ്പിന് പകമായ വിളവുകൾ പോലും എടുക്കാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തി.

ഫാമിന്റെ തനത് വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ വന്യമൃഗങ്ങളെ പൂർണമായി ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഫാമിലെ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 80 ശതമാനത്തോളം വരുന്ന ആദിവാസി തൊഴിലാളികളാണ് കഴിഞ്ഞ 7 മാസമായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുന്നത്. ബാക്കിവരുന്ന 20 ശതമാനത്തോളം തൊഴിലാളികൾ സ്വയം പിരിഞ്ഞു പോകലിന് അപേക്ഷ നൽകിയിട്ടും അധികൃതർ പരിഗണിക്കുന്നില്ല എന്നാണ് തൊഴിലാളികളുടെ പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116472/aralam-farm-workers-are-waiting-for-the-chief-ministers-grace)