കേളകം: 111-ാം വയസ്സിൽ വെള്ളാറയിൽ മുഹമ്മദ് കുഞ്ഞി റാവുത്തരുടെ വേർപാടോടെ വിടവാങ്ങിയത് കുടിയേറ്റ ജനതയുടെ സ്നേഹസാഗരമാണെന്ന് പഴമക്കാരും, പുതു തലമുറയിൽ പെട്ടവരും അനുസ്മരിക്കുന്നു. മലബാർ കുടിയേറ്റത്തിൻ്റെ പ്രാരംഭത്തിൽ സഹോദരങ്ങൾക്കൊപ്പം അടക്കാത്തോട്ടിൽ കുടിയേറിയ മുഹമ്മദ് കുഞ്ഞി റാവുത്തരെ അറിയാത്തവർ മലയോരത്തില്ല.
മലയോര മേഖലയിലെ ആദ്യകാല കുടിയേറ്റ കർഷകരിലെ മുൻനിരക്കാകാരനായ അദ്ദേഹം നൂറ്റിപതിനൊന്നാം വയസ്സിലാണ് എല്ലാവരിലും ദുഃഖം പരത്തി വിടവാങ്ങിയത്. കൊട്ടിയൂരിൽ കുടിയേറിയ കർഷകരെ കുടിയിറക്കാനുള്ള സർക്കാർ നടപടിക്കെതിരെ ജനകീയ പോരാട്ടം നയിച്ച ഫാ.വടക്കൻ്റെ സഹപ്രവർത്തകൻ വെള്ളാറയിൽ അബ്ദുൽ റഹ്മാൻ റാവുത്തരുടെ സഹോദരനാണ് ഇദ്ദേഹം.
നാടിൻ്റെ വികസനത്തിൽ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹത്തിൻ്റെ നേതൃത്യത്തിലായിരുന്നു അടക്കാത്തോട്ടിലെ മുഹിയുദ്ദീൻ ജുമാ മസ്ജിദ്, മദ്രസ എന്നിവ സ്ഥാപിച്ചത്. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ഒടുവിലായി മുന്നിട്ടിറങ്ങിയത് പൗരത്യ നിയമ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ മുൻ നിരയിൽ.
111-ൽ അദ്ദേഹം മടങ്ങുന്നതും ഏറ്റവും മുതിർന്ന കാരണവരെന്ന സ്ഥാനത്തോടെ. ആദ്യകാലത്ത് മലയോരറോഡ്, പാലം നിർമ്മാണങ്ങളിലും വികസന പ്രവൃത്തികളിലും കർമ്മനിരതനായി. നാട്ടുകാരുടെ ഐക്യത്തിനും, ക്ഷേമത്തിനും പ്രവർത്തിച്ച അദ്ദേഹം കോട്ടയം ജില്ലയിൽ നിന്നെത്തിയ കുടിയേറ്റക്കാരനായിരുന്നു. കുടിയേറ്റ ജനതയുടെ മതേതര മുഖമായിരുന്നു റാവുത്തർ. പ്രായത്തിൻ്റെ ശാരീരികവിഷമതകൾക്കിടയിലും വോട്ട് ചെയ്യാൻ കഴിഞ്ഞ കൊല്ലം അദ്ദേഹം അടക്കാത്തോട് ഗവ. യു.പി. സ്കൂളിലെ ബൂത്തിൽ എത്തിയത് വാർത്തയായിരുന്നു.
അടക്കാത്തോട്ടെ ആദ്യകാല കുടിയേറ്റ കർഷകനായ വെള്ളാറയിൽ മുഹമ്മദ് കുഞ്ഞി റാവുത്തർ അടക്കാത്തോട് അരുവിക്കരയിലാണ് താമസിക്കുന്നത്. സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നെങ്കിലും പ്രായമായതോടെ പിൻവാങ്ങുകയായിരുന്നു. റാവുത്തരെ ഒരു നോക്ക് കണ്ട് യാത്രയാക്കാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനാളുകൾ എത്തിയിരുന്നു. പ്രായഭേദമെന്യേ, ജാതിഭേദമെന്യോ എല്ലാവരിലും സ്നേഹം പകർന്ന ആ സ്നേഹ സാഗരമാണ് ഓർമ്മകൾ ബാക്കിയാക്കി മടങ്ങിയത്.
Muhammad Kunji Rawatar