പത്തനംതിട്ട : ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി അണഞ്ഞ ആഴി വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചത്.
ആഴി അണഞ്ഞ ശേഷം വീണ നെയ്തേങ്ങകള്‍ കരാറുകാർ വാരി മാറ്റിയെന്നും ആക്ഷേപമുണ്ട്. പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ദേവസ്വം ബോർഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്ന് ഭക്തർ പറഞ്ഞു. മാസപൂജയ്ക്കായി തുറക്കുമ്ബോള്‍ മേല്‍ശാന്തി കത്തിക്കുന്ന അഗ്നി നടയടക്കുന്നതുവരെ കത്തിനില്‍ക്കും. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തർ പരാതിപ്പെട്ടു.
വിശേഷാവസരങ്ങളിലും മാസപൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാല്‍ ഉടൻ തന്നെ ആഴിയിലേക്ക് അഗ്നി പകരുന്നതാണ് പ്രധാന ചടങ്ങ്. ഇതിന് ശേഷം മാത്രമേ അയ്യപ്പന്മാരെ 18-ാം പടി ചവിട്ടാൻ അനുവദിക്കുകയുള്ളൂ.
ബുധനാഴ്ച ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്നി പകർന്നിരുന്നു. എന്നാല്‍ രാത്രിയോടെ അഗ്നി കെട്ടുപോയി. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. രാവിലെ 11 മണിയോടെ ഭക്തരാണ് വിഷയം ചൂണ്ടിക്കാണിച്ചത്. തുടർന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്നിപകർന്നതെന്നാണ് പരാതി.
ആഴി അണഞ്ഞതിനെത്തുടർന്ന് നിക്ഷേപിക്കപ്പെട്ട നെയ്തേങ്ങകള്‍ കരാറുകാർ വാരി നീക്കിയെന്നും ഭക്തർ പരാതിപ്പെട്ടു. വിഷയം ദേവസ്വം ബോർഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നാണ് ദേവസ്വം ബോർഡ് അധ്യക്ഷൻ അറിയിച്ചത്.
sabarimala